തരൂർ ചെയ്യുന്നതൊന്നും ശരിയല്ല: കെ. മുരളീധരൻ
തിരുവനന്തപുരം: ശശി തരൂർ അടുത്തകാലത്തായി ചെയ്യുന്നത് ഒന്നും ശരിയല്ലെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. നെഹ്റു കുടുംബവാഴ്ചയെക്കുറിച്ച് ആദ്യം പറഞ്ഞു. ഇപ്പോൾ അദ്വാനിയെ പുകഴ്ത്തുന്നു. തരൂരിന്റെ നിലപാട് തീർത്തും തെറ്റാണെന്നാണ് തന്റെ അഭിപ്രായം. തരൂരിന്റെ അഭിപ്രായങ്ങളിൽ ഉചിതമായ തീരുമാനം കൈക്കൊള്ളേണ്ടത് ദേശീയ നേതൃത്വമാണ്.
കഴിഞ്ഞ രണ്ട് തദ്ദേശ തിരഞ്ഞെടുപ്പുകളിൽ നേരിട്ട തിരിച്ചടി പരിഹരിക്കാനാണ് കോൺഗ്രസ് ഇത്തവണ സ്ഥാനാർത്ഥി നിർണയം ഉൾപ്പെടെ നേരത്തെ ആരംഭിച്ചത്. മികച്ച വിജയം പ്രതീക്ഷിക്കുന്നതായും പത്രപ്രവർത്തക യൂണിയൻ സംഘടിപ്പിച്ച മുഖാമുഖത്തിൽ മുരളീധരൻ പറഞ്ഞു. പാർട്ടി തീരുമാനത്തിനെതിരെ ആര് പ്രവർത്തിച്ചാലും പുറത്താക്കും.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ പൂർണമായും നിഷ്പക്ഷമാണെന്ന് അഭിപ്രായമില്ല. തിരഞ്ഞെടുപ്പിൽ സി.പി.എം- ബി.ജെ.പി കൂട്ടുകെട്ട് തുറന്നുകാട്ടും. കേരളത്തിൽ ബി.ജെ.പിക്ക് രാഷ്ട്രീയ പ്രസക്തി ഉണ്ടെന്നു തോന്നുന്നില്ല.
'വീട്ടിൽ നിന്നുതന്നെ
ഒരാൾ പോയല്ലോ' തിരുവനന്തപുരം നഗരസഭയിലെബി.ജെ.പി സ്ഥാനാർത്ഥികളിൽ പലരും കെ. കരുണാകരന്റെ കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്നവർ ആണല്ലോയെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് വീട്ടിൽ നിന്നുതന്നെ ഒരാൾ പോയല്ലോ, പിന്നെയാണോ സന്തത സഹചാരികൾഎന്നായിരുന്നു മുരളീധരന്റെ മറുപടി.
.