പ്ലേ സ്കൂൾ നിയന്ത്രണം: ഗവ. സെക്രട്ടറിയെ വിളിപ്പിച്ച് ഹൈക്കോടതി
കൊച്ചി: പ്ലേ സ്കൂളുകൾ, കിന്റർഗാർട്ടനുകൾ, ഡേകെയർ സെന്ററുകൾ എന്നിവയെ നിയന്ത്രിക്കാനും കരിക്കുലം തയ്യാറാക്കാനുമുള്ള നയരൂപീകരണം വൈകുന്നതിൽ ഹൈക്കോടതിക്ക് അതൃപ്തി. 18ന് ഉച്ചയ്‌ക്ക് 1.45ന് ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറി ഓൺലൈനായി ഹാജരായി ഇതുവരെ സ്വീകരിച്ച നടപടികളും ഭാവി പരിപാടികളും അറിയിക്കണമെന്ന് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു. കൊച്ചുകുട്ടികളുടെ വിദ്യാഭ്യാസം സംബന്ധിച്ച് കരട് മാർഗനിർദ്ദേശം തയ്യാറാക്കാൻ 2021ൽ ഹൈക്കോടതി വനിതാശിശു ക്ഷേമ വകുപ്പ് ഡറക്ടറോട് ആവശ്യപ്പെട്ടിരുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും നടപടികളായില്ലെന്ന് ചൂണ്ടിക്കാട്ടി ചങ്ങനാശേരി സ്വദേശി മെഹ്‌ന ഇബ്രാഹിം ഫയൽ ചെയ്ത ഹർജിയാണ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് പരിഗണിക്കുന്നത്. കഴിഞ്ഞമാസം ഹർജി പരിഗണിച്ചപ്പോൾ, നയരൂപീകരണ നടപടികൾ തുടങ്ങാൻ കോടതി നിർദ്ദേശിച്ചിരുന്നു. യാതൊരു പുരോഗതിയും അറിയിക്കാൻ ഇന്നലെയും സർക്കാരിന് കഴിഞ്ഞില്ല.