സിസ്റ്റർ ലൂസി കളപ്പുര കറുത്ത കോട്ടിടും
കൽപ്പറ്റ: സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് എൽ.എൽ.ബി പരീക്ഷയിൽ എഴുപത് ശതമാനം മാർക്കോടെ ഉന്നത വിജയം. സഭയ്ക്കെതിരെ ശബ്ദം ഉയർത്തിയതോടെ പുറത്തുപോകേണ്ടിവന്ന ലൂസി കളപ്പുരയുടെ ശബ്ദം ഇനി കോടതി മുറികളിൽ ഉയരും. ഡിസംബർ 20ന് അഭിഭാഷകയായി എൻറോൾ ചെയ്യും.
എറണാകുളം പൂത്തോട്ട ശ്രീനാരായണ ലോ കോളേജിലാണ് പഠിച്ചത്. 2022-25 ബാച്ച് വിദ്യാർത്ഥിനിയായിരുന്നു.
മാനന്തവാടിയിലെ ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് സഭയിൽ നിന്നാണ് പുറത്തുപോകേണ്ടി വന്നത്.
2014നും 2016നും ഇടയിൽ കോട്ടയം കുറവിലങ്ങാടുള്ള മഠത്തിൽ മറ്റൊരു കന്യാസ്ത്രീയെ ഒന്നിലധികം തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിക്കപ്പെട്ട ബിഷപ്പിനെതിരെ സംസാരിച്ചതിനാണ് സഭ സിസ്റ്റർ ലൂസിക്കെതിരെ തിരിഞ്ഞത്. 'മതപരമായ ജീവിത തത്വങ്ങൾക്കും' സഭയുടെ നിയമങ്ങൾക്കും വിരുദ്ധമായ ഒരു ജീവിതമാണ് സിസ്റ്റർ ലൂസി നയിക്കുന്നതെന്നായിരുന്നു സഭയുടെ ആരോപണം.
2019 ൽ പ്രസിദ്ധീകരിച്ച 'കർത്താവിന്റെ നാമത്തിൽ' എന്ന ആത്മകഥയിലൂടെ കന്യാസ്ത്രീ മഠങ്ങളിലെ സന്യാസിനികൾ നേരിടുന്ന ശാരീരികവും മാനസികവുമായ പീഡനങ്ങളെ പൊതുസമൂഹത്തിന് മുന്നിൽ തുറന്നുകാട്ടി. പുറത്താക്കൽ നീക്കത്തെ ചെറുത്ത് കോടതി വിധി വഴി ഇൻഞ്ചക്ഷൻ നേടി കോൺവെന്റിൽ താമസിച്ച് കൊണ്ട് എൽ.എൽ.ബി എൻട്രൻസ് എഴുതിയാണ് സീറ്റ് നേടിയത്. എ.ഐ.ബി.ഇ പരീക്ഷ ഈ മാസം 30ന് നടക്കും.
കണ്ണൂർ കരിക്കോട്ടക്കരി കുഞ്ഞേട്ടൻ റോസ ദമ്പതികളുടെ മകളാണ് റിട്ട. അദ്ധ്യാപിക കൂടിയായ ഈ അറുപതുകാരി.
ഇപ്പോൾ എറണാകുളത്താണ് താമസം.
''നിയമ പഠനത്തിലേക്ക് തിരിയാൻ കാരണം എഫ്സിസി സന്യാസിനി സഭയും സഭാനേതൃത്വവുമാണ്.തനിക്കെതിരെ എടുത്ത അന്യായങ്ങളും കേസുകളും അതിന് പ്രേരണയായി. നീതിപീഠങ്ങളുടെ മുമ്പിൽ നീതിയും സത്യവും ജയിക്കാനുള്ള പോരാട്ടം തുടങ്ങും.''
-സിസ്റ്റർ ലൂസി കളപ്പുര