പോരാട്ടം മുറുകുന്നു; മുക്കം എങ്ങോട്ട്...?
മുക്കം: ക്ഷേമ പ്രവർത്തനങ്ങളുടെ ബലത്തിൽ ഭരണം നിലനിർത്താൻ എൽ.ഡി.എഫും വികസന മുരടിപ്പാരോപിച്ച് ഭരണം പിടിക്കാൻ യു.ഡി.എഫും രംഗത്തിറങ്ങുമ്പോൾ കനത്ത പോരാണ് മുക്കത്തും. അവസാനത്തെ വാർഡ് വിഭജനത്തോടെ 34 വാർഡുകൾ / ഡിവിഷനുകളുള്ള നഗരസഭയായി മാറിയ മുക്കത്ത് 33 ഡിവിഷനാണ് ഇതുവരെ ഉണ്ടായിരുന്നത്. 22 വാർഡുകളുള്ള ഗ്രാമ പഞ്ചായത്താണ് പൊടുന്നനെ 33 ഡിവിഷനുള്ള നഗരസഭയായി മാറിയത്. ഒരു സ്വതന്ത്രന്റെ പിൻബലത്തിലാണ് കഴിഞ്ഞ അഞ്ചു വർഷം എൽ.ഡി.എഫ് മുക്കം നഗരസഭ ഭരിച്ചത്.
സംതൃപ്തിയോടെ പടിയിറക്കം;
തുടർ ഭരണത്തിൽ പ്രതീക്ഷ
പി.ടി. ബാബു, സി.പി.എം - ചെയർപേഴ്‌സൺ മുക്കം നഗരസഭ
സമസ്തമേഖലകളും സ്പർശിക്കുന്ന സമഗ്ര വികസനം ലക്ഷ്യമാക്കി എൽ.ഡി.എഫ് തയ്യാറാക്കിയ പ്രകടനപത്രികയുടെ അടിസ്ഥാനത്തിൽ നടത്തിയ നഗരസഭ ഭരണം, കാലാവധി പൂർത്തിയാക്കി പടിയിറങ്ങുന്നത് തികഞ്ഞ ആത്മ സംതൃപ്തിയോടെയാണ്. 222 വീടുകൾ, 396 വീടുകളുടെ പുനരുദ്ധാരണം, ഓരോ ഡിവിഷനിലും റോഡ് നവീകരണത്തിന് 60 ലക്ഷം മുതൽ ഒരുകോടി വരെ, കർഷകർക്ക്, തെങ്ങിന് വളം പച്ചക്കറിതൈകൾ തുടങ്ങി വികസന പ്രവർത്തനങ്ങൾ ഏറെയാണ്.
അഴിമതിയുടെ കേന്ദ്രം
വേണു കല്ലുരുട്ടി, കോൺഗ്രസ്-പ്രതിപക്ഷനേതാവ്
മുക്കം നഗരസഭവികസന മുരടിപ്പിന്റെയും കൊടുകാര്യസ്ഥതയുടെയും അഴിമതിയുടെയും ഒരു പതിറ്റാണ്ട് പൂർത്തിയാക്കുകയാണ്. നഗരസഭയുടെ ഓഫീസ് സമുച്ചയംപോലും ഇതിനുള്ള ഉദാഹരണമാണ്. പത്തു വർഷത്തിനിടെ ഒരു ഇഷ്ടികപോലും പുതുതായി സ്ഥാപിക്കാനാവാതെ മുക്കം കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ നാശത്തിലേക്ക് കൂപ്പുകുത്തുകയാണ്. കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ പാറ്റേണിൽ സ്റ്റാഫിനെ നിയമിക്കാനും നടപടിയുണ്ടായില്ല. മാലിന്യ നിർമ്മാർജ്ജനത്തിന്റെ കാര്യത്തിൽ നഗരസഭ വൻപരാജയമാണ്.
വികസന മുരടിപ്പും അഴിമതിയും
എം.ടി.വേണുഗോപാലൻ, കൗൺസിലർ ബി.ജെ.പി
മുക്കം നഗരസഭയിൽ നിലവിലുള്ള എൽ.ഡി.എഫ് ഭരണത്തിലെ വികസനമുരടിപ്പും അഴിമതിയും പി.എം.എ.വൈ പദ്ധതിയിൽനിന്നുള്ള പിന്മാറ്റവും അമൃത് കുടിവെള്ള പദ്ധതി നടപ്പാക്കുന്നതിലെ അലസതയും കേന്ദ്രഫണ്ട് പ്രയോജനപ്പെടുത്തുന്നതിലെ വീഴ്ചയുമെല്ലാം ഇതിനോടകം തന്നെ ജനങ്ങൾക്കിടയിൽ ചർച്ചയായിട്ടുണ്ട്. അതു തന്നെയാണ് അടുത്തതിരഞ്ഞെടുപ്പിൽ ബി.ജെ.പി ചർച്ചയാക്കാൻ ഉദ്ദേശിക്കുന്നത്. ഒപ്പം നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ രാജ്യത്ത് നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളിലേക്കും ജനശ്രദ്ധ ക്ഷണിക്കും.
മുക്കം നഗരസഭ - ഡിവിഷൻ 33
കക്ഷിനില എൽ.ഡി.എഫ് - 16 സ്വതന്ത്രൻ - 1 യു.ഡി.എഫ് - 12 വെൽഫെയർ പാർട്ടി - 3 എൻ.ഡി.എ. - 2