ലയത്തിൽ നിന്ന് കളക്ടർ കസേരയിലേക്ക് : ഹൈറേഞ്ചിൽ നിന്നുള്ള ആദ്യ ഐ എ എസുകാരൻ

Tuesday 11 November 2025 12:35 AM IST

ഇടുക്കി: 'ഉയരും കൂടുംതോറും ചായയ്ക്ക് രുചിയേറും". ഈ പരസ്യവാചകം പോലെ ഹൈറേഞ്ചിലെ തേയിലത്തോട്ടത്തിലെ കൊച്ചുലയത്തിൽ നിന്ന് അ‌‌‌ർജ്ജുൻ പാണ്ഡ്യനെന്ന യുവാവ് താണ്ടിയ ഉയരങ്ങൾക്ക് കടുപ്പവും മാധുര്യവുമേറെയാണ്. അവധി ദിവസങ്ങളിൽ തേയിലച്ചാക്ക് ചുമന്നും കുട്ടികൾക്ക് ട്യൂഷനെടുത്തും കഷ്ടപ്പെട്ട് പഠിച്ച് ഹൈറേഞ്ചിൽ നിന്നുള്ള ആദ്യ ഐ.എ.എസുകാരനായ ഇദ്ദേഹം ഇന്ന് തൃശൂർ ജില്ലാ കളക്ടറാണ്.

ഏലപ്പാറ ബോണാമിയിൽ കർഷകനായ സി.പാണ്ഡ്യന്റെയും അങ്കണവാടി ടീച്ചറായ ഉഷയുടെയും മകനായാണ് അർജ്ജുന്റെ ജനനം. ചെറുപ്പം മുതൽ പഠിക്കാൻ മിടുക്കനായിരുന്നെങ്കിലും ജീവിത സാഹചര്യങ്ങൾ അനുകൂലമായിരുന്നില്ല. എന്നാൽ നിശ്ചയദാ‌ർഢ്യംകൊണ്ട് ആഗ്രഹിച്ചതെല്ലാം അദ്ദേഹം നേടി. കൊല്ലം ടി.കെ.എം എൻജിനിയറിംഗ് കോളേജിൽ നിന്ന് ബിരുദം പൂർത്തിയാക്കും മുമ്പ് തന്നെ ക്യാമ്പസ് പ്ലേസ്മെന്റിലൂടെ ടാറ്റാ കൺസൾട്ടൻസി സർവീസിൽ ജോലി കിട്ടി. ജോലിക്കിടെ എപ്പോഴോ മനസിൽ സിവിൽ സർവീസ് മോഹം കടന്നുകൂടി.

രണ്ടും കല്പിച്ച് കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയിൽ ചേർന്നു. ആദ്യത്തെ ശ്രമത്തിൽ പ്രിലിമിനറി പരീക്ഷ വിജയിച്ചെങ്കിലും മെയിൻ പരീക്ഷയിൽ പരാജയപ്പെട്ടു. കൂടുതൽ വാശിയോടെ പഠിച്ച് വീണ്ടുമെഴുതി. 2016ൽ 248-ാം റാങ്ക് നേടി. അങ്ങനെ 2017 ബാച്ചിൽ ഐ.എ.എസുകാരനായി. സ്‌കൂൾ തലങ്ങളിൽ കായികമത്സരങ്ങളിൽ പങ്കെടുക്കാതിരുന്ന അർജ്ജുൻ പാണ്ഡ്യൻ മസൂറിയിലെ സിവിൽ സർവീസ് പരിശീലനകാലത്ത് സ്‌പോർട്സ് മീറ്റിൽ ഓവറോൾ ചാമ്പ്യനായി.

കണ്ണൂർ അസിസ്റ്റന്റ് കളക്ടറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പരിസ്ഥിതി വനം കാലാവസ്ഥാ വ്യതിയാന വകുപ്പ് അസിസ്റ്റന്റ് സെക്രട്ടറി, ഒറ്റപ്പാലം സബ്കളക്ടർ, മാനന്തവാടി സബ്കളക്ടർ, അട്ടപ്പാടി നോഡൽ ഓഫീസർ, ഡെവല്പ്‌മെന്റ് കമ്മിഷണർ ഇടുക്കി, അഡിഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ശബരിമല, ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ, സംസ്ഥാന ലാൻഡ്‌ ബോർഡ് സെക്രട്ടറി, പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ, ലോക കേരള സഭ ഡയറക്ടർ, സാമൂഹിക സന്നദ്ധ സേന ഡയറക്ടർ, ഹൗസിംഗ് കമ്മിഷണർ, ഹൗസിംഗ് ബോർഡ് സെക്രട്ടറി, ലേബർ കമ്മിഷണർ, ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡോ. പി.ആർ.അനുവാണ് ഭാര്യ. അനുഷയാണ് സഹോദരി.

 മികച്ച പർവതാരോഹകനും

ഉയരങ്ങൾ കീഴടക്കാൻ എപ്പോഴും ഇഷ്ടമുള്ള അർജ്ജുൻ ഒരു പർവതാരോഹകൻ കൂടിയാണ്. ആഫ്രിക്കയിലെ ഏറ്റവും വലിയ കൊടുമുടിയായ കിളിമഞ്ചാരോ, യൂറോപ്പിലെ ഉയരമുള്ള കൊടുമുടിയായ മൗണ്ട് എൽബ്രസ്, ഹിമാലയസാനുക്കളിലെ നൺ, ദ്രൗപദി കാ ദണ്ട കൊടുമുടികൾ എന്നിവ കീഴടക്കിയിട്ടുണ്ട്. മസൂറിയിലെ ഐ.എ.എസ് ട്രെയിനിംഗ് കാലഘട്ടത്തിലാണ് പർവ്വതാരോഹണത്തോട് ഭ്രമം തുടങ്ങിയത്. എവറസ്റ്റ് ഉൾപ്പെടെയുള്ള കൊടുമുടിയുടെ മുകളിലെത്തി ദേശീയ പതാക നാട്ടുകയെന്ന സ്വപ്നവുമായാണ് ഈ യുവ ഐ.എ.എസ് ഓഫീസറുടെ ജൈത്രയാത്ര തുടരുന്നത്.

 അടിത്തറയുണ്ടാക്കി പഠിച്ചു

സിവിൽ സർവീസ് പരീക്ഷയെക്കുറിച്ച് തുടക്കത്തിൽ തന്നെ നല്ലരീതിയിൽ മനസിലാക്കി ഒരു അടിത്തറയുണ്ടാക്കിയായിരുന്നു പഠനം. ധാരാളം മോക് ടെസ്റ്റുകൾ എഴുതി. അത് വളരെയധികം ഗുണം ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ ചെറിയ തെറ്റുകൾ പോലും തിരുത്തി ഏത് മേഖലയിലാണോ മെച്ചപ്പെടുത്തേണ്ടത് അതിനായി കൂടുതൽ സമയം ചെലവഴിച്ചു. മറ്റ് പഠിതാക്കൾക്ക് ഒപ്പം ചേർന്നുള്ള പഠനവും ചർച്ചകളും ഏറെ ഗുണം ചെയ്തു. പഠിക്കാൻ പ്രത്യേകം സമയമുണ്ടായിരുന്നില്ല. ചിലപ്പോൾ കുറേ നേരമിരുന്ന് പഠിക്കും, മറ്റ് ചിലപ്പോൾ അത്രയും സമയം പഠിക്കാനായെന്ന് വരില്ല.