വയനാട്ടിലെ യു.ഡി.എഫ് മേൽക്കെെ ഇത്തവണ എന്താകും?

Tuesday 11 November 2025 12:36 AM IST
യു.ഡി.എഫ്

കൽപ്പറ്റ: കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ യു.ഡി.എഫിന് ആയിരുന്നു മേൽക്കൈ. 2020 ൽ ആകെയുള്ള 23 പഞ്ചായത്തുകളിൽ 16 ഇടത്ത് യു.ഡി.എഫ് വിജയിച്ചു. എൽ.ഡി.എഫിന് ഏഴു പഞ്ചായത്തുകളിലാണ് വിജയിക്കാൻ കഴിഞ്ഞത്. ഡി.ഐ.സി കൂടെ നിന്നപ്പോഴല്ലാതെ വിജയിച്ചിട്ടില്ലാത്ത ജില്ലാ പഞ്ചായത്ത് പിടിക്കൽ ആയിരുന്നു എൽ.ഡി.എഫ് ലക്ഷ്യം. ജില്ലാ പഞ്ചായത്തിലേക്ക് കൂടുതൽ ശ്രദ്ധ കൊടുത്തപ്പോൾ കോട്ടകൾ തകരുകയായിരുന്നു. മീനങ്ങാടി, കോട്ടത്തറ, നൂൽപ്പുഴ തുടങ്ങിയ പഞ്ചായത്തുകളാണ് എൽ.ഡി.എഫിന് അപ്രതീക്ഷിതമായി നഷ്ടമായത്. അതേസമയം ജില്ലാ പഞ്ചായത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.എൽ പൗലോസ്, കെ.കെ വിശ്വനാഥൻ തുടങ്ങിയ പ്രമുഖരെയാണ് എൽ.ഡി.എഫ് പരാജയപ്പെടുത്തിയത്. എന്നാൽ അപ്രതീക്ഷിതമായി നൂൽപ്പുഴ അടക്കമുള്ള ചില സീറ്റുകൾ നഷ്ടമാവുകയും ചെയ്തു. 16 ൽ 8 സീറ്റ് എൽ.ഡി.എഫ്‌ നേടി. നറുക്കെടുപ്പിൽ ഭാഗ്യം തുണച്ചില്ല. പ്രസിഡന്റ് പദവി യു.ഡി.എഫിന്. സംഷാദ് മരക്കാർ ആണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയത്. വൈസ് പ്രസിഡന്റ് പദവികൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. സി.പി.ഐയിലെ ബിന്ദു അഞ്ചുവർഷവും വൈസ് പ്രസിഡന്റ് ആയി. ബ്ലോക്ക് പഞ്ചായത്തുകളിൽ സുൽത്താൻ ബത്തേരിയിലും മാനന്തവാടിയിലും എൽ.ഡി.എഫ് വിജയിച്ചു. മുനിസിപ്പാലിറ്റി ബത്തേരി മാത്രമാണ് കൂടെ നിന്നത്.

പോരാട്ടം മുറുകും

കഴിഞ്ഞ തവണ നഷ്ടപ്പെട്ട ഗ്രാമപഞ്ചായത്തുകളും നഗരസഭകളും ഉൾപ്പെടെ തിരിച്ചുപിടിക്കുകയാണ് ഇത്തവണ എൽ.ഡി.എഫിന്റെ നീക്കം. അതേസമയം കയ്യിലുള്ളത്‌ പോകാതെ സൂക്ഷിക്കുകയും മറ്റ് പഞ്ചായത്തുകൾ പിടിച്ചെടുക്കുകയും ആണ് യു.ഡി.എഫ് ലക്ഷ്യം. ബി.ജെ.പി ഇത്തവണ ഇരുമുന്നണികൾക്കും കടുത്ത വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. പൂതാടി, മുള്ളൻകൊള്ളി, പുൽപ്പള്ളി എന്നീ പഞ്ചായത്തുകളിൽ ഇത്തവണ ശക്തമായ മത്സരമാണ് ബി.ജെ.പി കാഴ്ചവെക്കുന്നത്. പൂതാടിയിലും മുള്ളൻകൊല്ലിയിലുമാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വെങ്ങപള്ളി, നൂൽപ്പുഴ തുടങ്ങിയ ഗ്രാമപഞ്ചായത്തുകളിലും മികച്ച സ്ഥാനാർത്ഥികളെ അണിനിരത്തി ഭരണം പിടിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്.

പഞ്ചായത്ത് കക്ഷിനില 2020

ആകെ പഞ്ചായത്ത് 23 യു.ഡി.എഫ് - 16 എൽ.ഡി.എഫ് - 7