ജാതിവിവേചന പരാതി: പ്രൊഫ. വിജയകുമാരിയുടെ അറസ്റ്റ് തടഞ്ഞു
Tuesday 11 November 2025 12:42 AM IST
കൊച്ചി: കേരള സർവകലാശാല സംസ്‌കൃത വിഭാഗത്തിൽ ഗവേഷണ വിദ്യാർത്ഥിയായിരുന്ന വിപിൻ വിജയനോട് ജാതിവിവേചനം കാട്ടിയെന്ന പരാതിയിലെടുത്ത കേസിൽ കേരള സർവകലാശാല ഡീൻ പ്രൊഫ. സി.എൻ. വിജയകുമാരിയുടെ അറസ്റ്റ് ഹൈക്കോടതി വിലക്കി. മുൻകൂർ ജാമ്യഹർജിയിൽ ജസ്റ്റിസ് കെ. ബാബുവാണ് ഇടക്കാല ഉത്തരവിട്ടത്. പരാതി കെട്ടിച്ചമച്ചതാണെന്നും ജാമ്യമില്ലാത്ത കേസിൽ കുടുക്കാനാണ് ശ്രമമെന്നും ഹർജിയിൽ ആരോപിക്കുന്നു. ഗവേഷണബിരുദം നൽകുന്നതിന് മുന്നോടിയായി നടന്ന ഓപ്പൺ ഡിഫൻസിൽ പ്രബന്ധത്തിലെ ന്യൂനതകൾ ചൂണ്ടിക്കാട്ടുകയും ഇത് സംബന്ധിച്ച് വി.സിക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു. ഇതിന്റെ വിരോധമാണ് തെറ്റായ പരാതിക്ക് അടിസ്ഥാമെന്ന് അഭിഭാഷകൻ വാദിച്ചു. തുടർന്ന് അറസ്റ്റ് വിലക്കിയ കോടതി വിപിൻ വിജയനടക്കം നോട്ടീസിന് നിർദ്ദേശിച്ചു. ഹർജി 19ന് വീണ്ടും പരിഗണിക്കും.