പോറ്റിയും മുരാരിയും റിമാൻഡിൽ
പത്തനംതിട്ട: ശബരിമല സ്വർണപ്പാളി കേസിൽ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലായിരുന്ന ഉണ്ണികൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയും ഇന്നലെ പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കാർത്തിക റിമാൻഡ് ചെയ്തു. പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തിയ ശേഷം പൊലീസ് വാനിൽ മിനിസിവിൽ സ്റ്റേഷനിലെ കോടതി പരിസരത്ത് എത്തിച്ചെങ്കിലും പുറത്തിറക്കിയില്ല. വൈദ്യ പരിശോധനയുടെ വിവരങ്ങൾ അന്വേഷണ സംഘം മജിസ്ട്രേറ്റിട്ടിന് മുന്നിൽ ഹാജരാക്കുകയായിരുന്നു. പ്രതിഭാഗവുമായി ഗൂഗിൾ മീറ്റിലൂടെയാണ് കോടതി നടപടികൾ പൂർത്തിയാക്കിയത്.
ശബരിമല തീർത്ഥാടനം: കാളകെട്ടിയിൽ പൊലീസ് ഔട്ട്പോസ്റ്റ്
തിരുവനന്തപുരം: ശബരിമല തീർത്ഥാടന കാലത്ത് എരുമേലി പൊലീസ് സ്റ്റേഷൻ പരിധിയിലെ കാളകെട്ടിയിൽ താത്കാലിക പൊലീസ് എയ്ഡ്പോസ്റ്റ് അനുവദിച്ചു. തീർത്ഥാടകരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ എരുമേലി മുതൽ കാളകെട്ടി വരെ വൻ തിരക്കുണ്ടാവുന്നതിനാൽൽ ഔട്ട്പോസ്റ്റ് വേണമെന്ന് പൊലീസ് മേധാവി ശുപാർശ ചെയ്തിരുന്നു. ഔട്ട്പോസ്റ്രിനായി പുതിയ തസ്തിക സൃഷ്ടിക്കില്ല. മണ്ഡലകാലം കഴിയുമ്പോൾ പ്രവർത്തനം അവസാനിപ്പിക്കും.
ശബരിമല: 274 സ്പെഷ്യൽ ട്രെയിൻ സർവ്വീസ്
തിരുവനന്തപുരം: ശബരിമല മണ്ഡല തീർത്ഥാടനകാലത്ത് ആന്ധ്രയിലും തമിഴ്നാട്ടിലും നിന്ന് 274 സ്പെഷ്യൽ ട്രെയിൻ സർവ്വീസ് ഉണ്ടാവുമെന്ന് റെയിൽവേ അറിയിച്ചു. കാക്കിനടയിൽ നിന്ന് കോട്ടയത്തേക്കും നന്ദേദ്,മച്ചിലപ്പട്ടണം,നരസപ്പൂർ,ചാർലപ്പള്ളി,ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് കൊല്ലത്തേക്കുമാണ് സർവ്വീസുകൾ. 16 ട്രെയിനുകളാണ് നവംബർ 14മുതൽ ജനുവരി 21വരെ വിവിധ ദിവസങ്ങളിൽ സർവ്വീസ് നടത്തുന്നത്. ചെന്നൈയിൽ നിന്ന് മാത്രം കൊല്ലത്തേക്ക് നൂറ് സർവ്വീസുകൾ നടത്തും.