സോളാർ ഉപഭോക്താക്കളെ ഷോക്കടിപ്പിക്കുന്ന നയമാറ്റം
കൊല്ലം: പുരപ്പുറ സോളാർ വൈദ്യുതി ഉത്പാദനത്തെ നിരുൽസാഹപ്പെടുത്തുന്ന നിയന്ത്രണങ്ങളാണ്
സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ പുതിയ പുനരുപയോഗ ഊർജ്ജ റെഗുലേഷൻ വഴി നടപ്പാക്കാൻ ശ്രമിക്കുന്നതെന്ന ആക്ഷേപം ശക്തം. ഇക്കാര്യം ചൂണ്ടിക്കാട്ടിയുള്ള ഹർജിയിലാണ് നയം നടപ്പാക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തത്.
സോളാർ ഉപഭോക്താക്കൾ കെ.എസ്.ഇ.ബിക്ക് നൽകുന്ന വൈദ്യുതിക്ക് യൂണിറ്റിന് 3.08 രൂപ വീതം ലഭിക്കുന്നുണ്ട്. നിയന്ത്രണം വന്നാൽ, പുതുതായി പ്ലാന്റ് സ്ഥാപിക്കുന്നവർക്ക് 2.79 രൂപയേ ലഭിക്കൂ.
നെറ്റ് മീറ്ററിംഗ് നിയന്ത്രണം, വാണിജ്യസ്ഥാപനങ്ങളെ നെറ്റ് മീറ്ററിംഗിൽ നിന്ന് ഒഴിവാക്കൽ, എനർജി ബാങ്കിംഗ് സംവിധാനത്തിനുള്ള പുതിയ നിരക്കുകൾ തുടങ്ങിയവ സോളാർ സംരംഭകർക്ക് നഷ്ടം വരുത്തും.
കെ.എസ്.ഇ.ബിക്ക് നൽകുന്ന അധിക വൈദ്യുതിയുടെയും തിരികെ എടുക്കുന്നതിന്റെയും വില തുല്യനിരക്കിൽ കണക്കാക്കുന്ന നെറ്റ് മീറ്ററിംഗിന്റെ പരിധി നേരത്തെ 1000 കിലോ വാട്ട് വരെയായിരുന്നുവെങ്കിൽ ഇനി ഇത് 20 കിലോ വാട്ട് ആകും. 20 കിലോ വാട്ടിന് മുകളിലുള്ള പ്ലാന്റുകൾക്ക് നെറ്റ്ബില്ലിംഗ് ഏർപ്പെടുത്തുന്നതിനാൽ കെ.എസ്.ഇ.ബിക്ക് നൽകുന്ന വൈദ്യുതിക്ക് കുറഞ്ഞ നിരക്ക് മാത്രമേ ലഭിക്കു. വാണിജ്യ കണക്ഷനുകളെ നെറ്റ് മീറ്ററിംഗിൽ നിന്ന് പൂർണമായും ഒഴിവാക്കുകയും ചെയ്തു.
10 കിലോ വാട്ടിന് മുകളിലുള്ള പ്ലാന്റിന് ബാറ്ററി ബാക്ക്അപ്പ് വേണമെന്ന നിർദ്ദേശം വൻ ചെലവ് വരുത്തുന്നതിനാൽ പുതുതായി പ്ലാന്റ് സ്ഥാപിക്കുന്നത് നഷ്ടക്കച്ചവടമാവും. ഗാർഹിക കണക്ഷനുകളിൽ നിന്നുള്ള സോളാർ വൈദ്യുതി സ്വന്തം വാണിജ്യ സ്ഥാപനങ്ങൾക്ക് കൈമാറുന്ന വീലിംഗ് സംവിധാനം നിറുത്തലാക്കുന്നതും തിരിച്ചടിയാവും.
വൈദ്യുതി കൊള്ളയ്ക്കും നീക്കം
വൈകിട്ട് 6 മുതൽ രാത്രി 10 വരെ 100 യൂണിറ്റ് ഉപയോഗിച്ചാൽ
125 യൂണിറ്റ് (25% അധികം)ഉപയോഗിച്ചതായി കണക്കാക്കും രാത്രി 10 മുതൽ രാവിലെ 6 വരെ 15 ശതമാനം അധികം കണക്കാക്കും ബാങ്ക്ഡ് എനർജിയിൽ നിന്ന് 2 ശതമാനം കെ.എസ്.ഇ.ബിക്ക് 10 കിലോവാട്ടിന് മുകളിൽ ഗ്രിഡ് സപ്പോർട്ടിംഗ് ചാർജ്ജ് 300 യൂണിറ്റ് വരെ യൂണിറ്റിന് 50 പൈസ വീതം അധികം ഈടാക്കും 300 യൂണിറ്റിന് മുകളിൽ ഒരു രൂപ വീതം ഈടാക്കും
സോളാർ വൈദ്യുതി ഉത്പാദനത്തെ തകർക്കുന്ന റെഗുലേഷനും അതിന് പിന്നിലെ ഗൂഢാലോചനയ്ക്കും എതിരെ പോരാട്ടം തുടരും
ജയിംസ് കുട്ടി തോമസ്
(കെ.ഡി.എസ്.പി.സി കോ- ഓർഡിനേറ്റർ)