കാറ്ററേഴ്സ് അസോസിയേഷൻ എക്‌സ്‌പോ ഇന്നുമുതൽ
കൊച്ചി: കേരള കാറ്ററേഴ്സ് അസോസിയേഷനും (കെ.സി.എ) ചെന്നൈ സായ് സൊലൂഷനും സംയുക്തമായി ഇന്നുമുതൽ മൂന്ന് ദിവസം അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ ഹോട്ടൽ ആൻഡ് ടെൻഡക്സ് എക്‌സ്‌പോ നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഭക്ഷ്യ ഉത്പ്പന്ന നിർമ്മാണ പ്രൊഫഷണൽ വർക്ക് ഷോപ്പുകൾ, എക്സിക്യുട്ടീവ് ഷെഫുകളും വ്യവസായ വിദഗ്ധരും പങ്കെടുക്കുന്ന പുതിയ കുക്കിംഗ് ക്ളാസുകൾ, ബിസിനസ് മാനേജ്മെന്റ്, ഓപ്പറേഷൻ എക്‌സലൻസ് വിഷയങ്ങളിൽ പരിശീലനം. സംസ്ഥാനതല ബിസിനസ് കോൺക്ലേവ് എന്നിവയുണ്ടാകും. ഇന്ന് രാവിലെ 10ന് സനീഷ് കുമാർ ജോസഫ് എം.എൽ.എ പ്രദർശനം ഉദ്ഘാടനം ചെയ്യും. 13ന് രാവിലെ 11ന് നടക്കുന്ന ബിസിനസ് കോൺക്ലേവ് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി.ജയപാൽ ഉദ്ഘാടനം ചെയ്യും. ഭക്ഷ്യവ്യവസായം നേരിടുന്ന വെല്ലുവിളികളും അതിനുള്ള പരിഹാരങ്ങളും സമ്മേളനം ചർച്ചചെയ്യും. പ്രവേശനം സൗജന്യമാണ്. കെ.സി.എ ജനറൽ സെക്രട്ടറി ചാൾസ് ജോൺസൻ, ഭാരവാഹികളായ പി.പി. പോളി, ബാബു മേന്മ, ജോർജ് മാമ്പിള്ളി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.