കത്തിക്കയറി സ്വർണ വില
ആഗോള അനിശ്ചിതത്വങ്ങൾ കരുത്തായി
കൊച്ചി: അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് മുഖ്യ പലിശ വീണ്ടും കുറയ്ക്കുമെന്ന വാർത്തകളും സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വങ്ങളും സ്വർണ വിപണിക്ക് ഇന്നലെ വീണ്ടും കരുത്ത് പകർന്നു. രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന്(31.1 ഗ്രാം) 7 ഡോളർ ഉയർന്ന് 4,100 ഡോളർ കവിഞ്ഞു. ഇന്നലെ കേരളത്തിൽ പവൻ വില രണ്ടു തവണയായി 1,320 രൂപ ഉയർന്ന് 90,800 രൂപയിലെത്തി. ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ദുർബലമായതും അമേരിക്കയുടെ സാമ്പത്തിക സ്ഥിരത സംബന്ധിച്ച ആശങ്കകളും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് പ്രിയം വർദ്ധിപ്പിച്ചു. ആഗോള ഫണ്ടുകളും കേന്ദ്ര ബാങ്കുകളും നേരിയ ഇടവേളയ്ക്ക് ശേഷം വലിയ തോതിൽ സ്വർണം വാങ്ങികൂട്ടി.
99.9 പരിശുദ്ധിയുള്ള 24 കാരറ്റ് സ്വർണത്തിന്റെ വില പത്ത് ഗ്രാമിന് 1,300 രൂപ ഉയർന്ന് 1,25,900 രൂപയിലെത്തി. വെള്ളി വില കിലോഗ്രാമിന് 2,460 രൂപ വർദ്ധിച്ച് 1,55,760 രൂപയായി. അമേരിക്കയിലെ തൊഴിൽ കണക്കുകളും നാണയപ്പെരുപ്പവും സ്വർണത്തിന്റെ അടുത്ത നീക്കത്തെ സ്വാധീനിക്കും. അമേരിക്കയിലെ ഷട്ട്‌ഡൗൺ താത്കാലികമായി ഒഴിവായതോടെ സാമ്പത്തിക രംഗത്തെ കണക്കുകൾ അടുത്ത ദിവസങ്ങളിൽ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അനുകൂല സാഹചര്യങ്ങൾ
1. അമേരിക്കൻ സാമ്പത്തിക മേഖലയിൽ പ്രതിസന്ധി രൂക്ഷമാകുന്നു
2. മുൻനിര നാണയങ്ങൾക്കെതിരെ ഡോളർ ദുർബലമാകുന്നു
3. അമേരിക്കയിലെ ഫെഡറൽ റിസർവ് പലിശ കുറയ്ക്കാൻ ഒരുങ്ങുന്നു
4. സുരക്ഷിതത്വം തേടി വൻകിട ഫണ്ടുകൾ സ്വർണം വാങ്ങുന്നു
പവൻ വില@90,800 രൂപ
രാജ്യാന്തര വിപണിയിൽ ഔൺസിന് 4,100 ഡോളറിലേക്ക്