വോട്ടു പിടിത്തവും ചുവരെഴുത്തും തുടങ്ങി, കച്ചമുറുക്കി മുന്നണികൾ (തദ്ദേശോത്സവം)
പത്തനംതിട്ട : തിരഞ്ഞെടുപ്പ് വിജ്ഞാപനമായതോടെ ജില്ലയിൽ മുന്നണികൾ സജീവമായി രംഗത്തിറങ്ങി. സ്ഥാനാർത്ഥിയാണെന്ന് ഉറപ്പിച്ചവർ പ്രചാരണരംഗത്തിറങ്ങി വോട്ട് അഭ്യർത്ഥന നടത്തി. ചുവരെഴുത്തുകളും തെളിഞ്ഞു. ഇനി വരാനിരിക്കുന്നത് തീപാറുന്ന പോരാട്ടമായിരിക്കുമെന്ന് ഉറപ്പിക്കുന്നതായിരുന്നു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസത്തെ നീക്കങ്ങൾ. ജില്ലയിൽ വിജയം ഉറപ്പിക്കുന്ന ആത്മവിശ്വാസമാണ് മുന്നണി നേതാക്കൾക്ക്. ശക്തമായ ത്രികോണ മത്സരം നടക്കുന്നത് എൻ.ഡി.എ ഭരിക്കുന്ന പന്തളം നഗരസഭയിലും കുളനട, കവിയൂർ, ചെറുകോൽ ഗ്രാമപഞ്ചായത്തുകളിലുമാണ്.
ഗ്രാമപഞ്ചായത്ത് വാർഡുകളിൽ മൂന്ന് മുന്നണികൾക്കും സ്വാധീനമുള്ള വാർഡുകളിൽ മത്സരം പൊടിപാറും. ജില്ലാ പഞ്ചായത്തിൽ ഇുക്കറി ഒരു ഡിവിഷൻ കൂടി പതിനേഴായി. നിലവിലെ ഭരണ സമിതിയിൽ എൽ.ഡി.എഫ് 12, യു.ഡി.എഫ് നാല് എന്നിങ്ങനെയാണ് കക്ഷിനില. ഗ്രാമ, ബ്ളോക്ക് പഞ്ചായത്ത് ഭരണസമിതികളിലും എൽ.ഡി.എഫിനാണ് മുൻതൂക്കം. നാല് നഗരസഭകളിൽ രണ്ടിൽ എൽ.ഡി.എഫും ഒാരാേന്നിൽ യു.ഡി.എഫും ബി.ജെ.പിയും ഭരണത്തിലുണ്ട്.
മുന്നോട്ടു കുതിക്കാൻ എൽ.ഡി.എഫ്
നിലവിലുള്ള ഭരണസമിതികൾ നിലനിറുത്തുന്നതിനൊപ്പം യു.ഡി.എഫിന്റെയും എൻ.ഡി.എയുടെയും കയ്യിലുള്ളത് പിടിച്ചെടുക്കുകയുമാണ് എൽ.ഡി.എഫിന്റെ തന്ത്രം.
തിരിച്ചുവരവിന് യു.ഡി.എഫ്
യു.ഡി.എഫിന് കൈവിട്ടുപോയ ജില്ലാ പഞ്ചായത്തും പത്തനംതിട്ട, അടൂർ നഗരസഭകളും പിടിച്ചെടുക്കുകയും കൂടുതൽ ഗ്രാമപഞ്ചായത്തുകളിൽ ഭരണത്തിലേറുകയും വേണം.
മൂന്നാം ശക്തിയായി എൻ.ഡി.എ
എൻ.ഡി.എയ്ക്ക് പന്തളം നഗരസഭ നിലനിറുത്തുകയും കൂടുതൽ പഞ്ചായത്തുകളിൽ ഭരണം പിടിക്കുകയും ജില്ലാ പഞ്ചായത്തിൽ അക്കൗണ്ട് തുറക്കുകയും വേണം. ബ്ളോക്ക് പഞ്ചായത്തുകളിൽ അംഗസംഖ്യ വർദ്ധിപ്പിക്കേണ്ടതുമുണ്ട്.