പുൽപ്പള്ളിയിൽ ഡോക്ടർക്ക് മർദ്ദനം
Tuesday 11 November 2025 12:20 AM IST
പുൽപ്പള്ളി: സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെ ജോലി കഴിഞ്ഞ് പുറത്തിറങ്ങിയ ഡോക്ടറെ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. പുൽപ്പള്ളി സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെ ഡോ. ജിതിൻ രാജ് (35) നാണ് മർദ്ദനമേറ്റത്. ഡ്യൂട്ടിക്കിടെ സഹ ഡോക്ടറോട് ചിലർ കയർത്ത് സംസാരിച്ചത് ജിതിൻ ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷം ഡ്യൂട്ടി കഴിഞ്ഞ് ആശുപത്രിക്ക് പുറത്തിറങ്ങിയപ്പോഴാണ് ജീപ്പിലെത്തിയ സംഘം മർദ്ദിച്ചത്. പരിക്കേറ്റ ഡോ. ജിതിൻ പുൽപ്പള്ളി സാമുഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ്. മർദ്ദനത്തിൽ ജിതിന്റെ കൈക്ക് പൊട്ടലേറ്റിട്ടുണ്ട്. ഹൃദ്രോഗിയായ ജിതിന് നെഞ്ചിനും ചവിട്ടേറ്റു. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം. രോഗികൾ ഇടപെട്ടതോടെയാണ് അക്രമിസംഘം പിന്മാറിയത്. ഡോക്ടറുടെ പരാതിയെ തുടർന്ന് അക്രമികൾക്കെതിരെ കേസെടുത്ത് അന്വേഷണമാരംഭിച്ചു.