പിഎച്ച്ഡി, എംഫിൽ ഇൻക്രിമെന്റ് റദ്ദാക്കി; വാങ്ങിയ തുക തിരിച്ചുപിടിക്കും

Tuesday 11 November 2025 12:22 AM IST

□പ്രതിഷേധവുമായി അദ്ധ്യാപകർ,ഇന്ന് കരിദിനാചരണം

തിരുവനന്തപുരം: ഏഴാം ശമ്പളക്കമ്മിഷൻ കാലയളവിൽ കോളേജ് അദ്ധ്യാപകർക്കു നൽകിയ പിഎച്ച്ഡി, എംഫിൽ ഇൻക്രിമെന്റ് തുക ധനവകുപ്പ് റദ്ദാക്കിയത് വിവാദത്തിൽ. 2016-ൽ അനുവദിച്ച ആനുകൂല്യം തിരിച്ചുപിടിക്കാനാണ് ഉത്തരവ്.

മുന്നൂറിലേറെ അധ്യാപകരുടെ അധിക വിഹിതം സ്ഥാനക്കയറ്റക്കുടിശ്ശികയിൽ നിന്നോ ക്ഷാമബത്ത പരിഷ്കാരത്തിൽ നിന്നോ ഈടാക്കാനാണ് തീരുമാനം. ഇവർ ഒൻപതു വർഷത്തെ തുക തിരിച്ചടയ്ക്കണം. യുജിസി റെഗുലേഷന് വിധേയമായി അഡ്വാൻസ് ഇൻക്രിമെന്റ് അനുവദിക്കാമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയിരിക്കുകയാണ്. ഇതിനിടയിലാണ് വിവാദ ഉത്തരവ്. ഇത് കോടതിയിൽ ചോദ്യംചെയ്യുമെന്ന് അദ്ധ്യാപക സംഘടനകൾ വ്യക്തമാക്കി. കെപിസിടിഎ ഇന്ന് കോളേജുകളിൽ കരിദിനം ആചരിക്കും.

പി.എച്ച്ഡി യോഗ്യതയോടെ കോളേജ് അധ്യാപക ജോലിയിൽ പ്രവേശിക്കുന്നവർക്ക് അഞ്ചും എംഫിൽ ബിരുദധാരികൾക്ക് മൂന്നും ഇൻക്രിമെന്റ് നൽകാനായിരുന്നു 2016-ലെ സർക്കാർ തീരുമാനം. മുൻകൂർ ഇൻക്രിമെന്റ് അനുവദനീയമല്ലെന്ന് 2017-ലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉത്തരവിലും അനുവദനീയമാണെന്ന് 2018-ലെ യുജിസി മാർഗരേഖയിലും പരാമർശിച്ചിരുന്നു. വ്യക്തത തേടി കേന്ദ്രത്തിനു കത്തയച്ചെങ്കിലും മറുപടി ലഭിച്ചില്ല. പ്രശ്നം പഠിക്കാൻ സർക്കാർ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് യുജിസി നിർദേശമനുസരിച്ച് ഇപ്പോഴത്തെ നടപടി. ഏഴാം ശമ്പളക്കമ്മിഷൻ കാലയളവിലാണ് ഇൻക്രിമെന്റ് നൽകിയതെങ്കിലും ആറാം ശമ്പളക്കമ്മിഷൻ കാലത്തെ വ്യവസ്ഥയാണ് നടപ്പാക്കിയത്. ഒരു ഇൻക്രിമെന്റ് ഇനത്തിൽ ശരാശരി 1000 രൂപയാണ് അടിസ്ഥാന ശമ്പളത്തിൽ കൂടിയിരുന്നത്..2016 മുതൽ 19 വരെയുള്ള ശമ്പള പരിഷ്കരണ കുടിശ്ശിക കോളജ് അധ്യാപകർക്ക് നൽകിയിട്ടില്ലെന്ന് കെപിസിടിഎ പ്രസിഡന്റ് പ്രേമചന്ദ്രൻ കീഴോത്തും ജനറൽ സെക്രട്ടറി റോണി ജോർജും പറഞ്ഞു.