ശബരിമല തീർത്ഥാടനം: വിപുലമായ ഒരുക്കങ്ങൾ തുടങ്ങി

Tuesday 11 November 2025 12:25 AM IST

പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായി വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചതായി ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗം അഡ്വ.എ.അജികുമാർ എന്നിവർ പറഞ്ഞു. മണ്ഡല - മകരവിളക്ക് തീർത്ഥാടനത്തിന് മുന്നോടിയായി പത്തനംതിട്ടയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. ശബരിമലയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ നടന്നുവരുന്ന അന്വേഷണത്തെ പറ്റിയുള്ള ചോദ്യങ്ങൾ ഒഴിവാക്കണമെന്ന അഭ്യർത്ഥനയോടെയാണ് ഇരുവരും വാർത്താസമ്മേളനം ആരംഭിച്ചത്. ശബരിമല തീർത്ഥാടകർക്കായി ഏർപ്പെടുത്തിയിരുന്ന അപകട ഇൻഷുറൻസ്, അവ്യക്തതകൾ പരിഹരിച്ച് മാനദണ്ഡങ്ങൾ മാറ്റി സമഗ്ര ഇഷുറൻസ് പരിരക്ഷ ആക്കിയിട്ടുണ്ട്. മുൻപ് നാല് ജില്ലകളിൽ മാത്രമുണ്ടായിരുന്ന കവറേജ് ഇപ്പോൾ കേരളം മുഴുവനാക്കി. തീർത്ഥാടനത്തിനിടെ അപകടത്തിൽ മരണപ്പെടുന്നവരുടെ ആശ്രിതർക്ക് 5 ലക്ഷം രൂപ ഇൻഷുറൻസ് തുക ലഭിക്കും. ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന ദേവസ്വം ബോർഡ് സ്ഥിരം ജീവനക്കാർ, താത്ക്കാലിക ജീവനക്കാർ, മറ്റ് സർക്കാർ വകുപ്പ് ജീവനക്കാർ എന്നിവർക്കും ഇഷുറൻസ് പരിരക്ഷ ലഭ്യമാവും. പമ്പ മുതൽ സന്നിധാനം വരെയും എരുമേലി കാനനപാതയിലും മലകയറ്റത്തിനിടെ ഹൃദയാഘാതം മൂലം മരണപ്പെടുന്ന തീർത്ഥാടകരുടെ കുടുംബങ്ങൾക്ക് മൂന്ന് ലക്ഷം രൂപ സഹായധനമായി നൽകും. ഇതിന് പുറമെ സംസ്ഥാനത്തിനകത്ത് മുപ്പതിനായിരം രൂപ വരെയും സംസ്ഥാനത്തിന് പുറത്ത് ഒരു ലക്ഷം വരെയും ആംബുലൻസ് ചെലവും നൽകും. ഇതിനായി വെർച്ച്വൽ ക്യൂ ബുക്ക് ചെയ്യുന്ന സമയത്ത് നിർബന്ധിതമല്ലാതെ 5 രൂപ സംഭാവനയായി സ്വീകരിക്കും. പുല്ലുമേട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ നിധി സ്വരൂപിക്കുന്നത്. നിലവിൽ വെക്ച്ചർ ക്യു ബുക്ക് ചെയ്ത 46ശതമാനം ഭക്തർ നിധിയലേക്ക് അഞ്ചുരൂപ അടച്ചിട്ടുണ്ട്. 35 ലക്ഷത്തോളം രൂപയാണ് ഇത്തരത്തിൽ സ്വരൂപിക്കാനായത്. ശബരിമലയിൽ ഭക്തർക്ക് താമസിക്കാനായി ലഭ്യമായ മുറികളുടെ 50ശതമാനം ഓൺലൈൻ ബുക്കിംഗ് സംവിധാനത്തിലാക്കും. ദേവസ്വം ബോർഡിന്റെ വിവിധ ക്ഷേത്രങ്ങളിൽ സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ നടപ്പാക്കി. ഈകാണിക്ക വഴിപാട് തുക സ്വീകരിക്കാൻ പി.ഒ.എസ് മെഷീൻ, യു.പി.ഐ തുടങ്ങിയ ഡിജിറ്റൽ സംവിധാനങ്ങൾ നടപ്പാക്കിയതിലൂടെ പ്രതിവർഷം 400 കോടിയോളം രൂപ വഴിപാട് ഇനത്തിൽ ദേവസ്വം ബോർഡിന് അധികമായി ലഭിക്കുമെന്നാണ് കരുതുന്നത്. മുഖ്യമന്ത്രി, ദേവസ്വം മന്ത്രി, പത്തനംതിട്ടയുടെ ചാർജുള്ള മന്ത്രി വീണാ ജോർജ്, പത്തനംതിട്ട, കോട്ടയം ജില്ലാ കളക്ടർമാർ എന്നിവരുടെ നേതൃത്വത്തിൽ അവലോകനയോഗങ്ങൾ ചേർന്ന് മുന്നൊരുക്കങ്ങൾ വിലയിരുത്തിയതായും പ്രസിഡന്റ് പി.എസ്.പ്രശാന്തും മെമ്പർ അഡ്വ.എ.അജികുമാറും പറഞ്ഞു.