വേണുവിന്റെ മരണം: ഭാര്യ സിന്ധുവിന്റെ മൊഴിയെടുക്കും

Tuesday 11 November 2025 1:26 AM IST

തിരുവനന്തപുരം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ മതിയായ ചികിത്സ കിട്ടാതെയാണ് ഓട്ടോ ഡ്രൈവർ വേണു മരിച്ചതെന്ന പരാതിയിൽ ഭാര്യ സിന്ധുവിന്റെ മൊഴിയെടുക്കും. സംഭവത്തിൽ അന്വേഷണം നടത്തുന്ന മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ ഡോ.ടി.കെ.പ്രേമലതയാണ് മൊഴിയെടുക്കുക. വ്യാഴാഴ്ച രാവിലെ സിന്ധു മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ എത്തും. സിന്ധുവിന്റെ ഭാഗം കൂടി കേട്ടശേഷം അന്തിമറിപ്പോർട്ട് തയ്യാറാക്കും.

. നേരത്തെ ഇത് സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് മന്ത്രിയ്ക്ക് നൽകിയിരുന്നു.

പ്രോട്ടോക്കോൾ പ്രകാരമുള്ള ചികിത്സ വേണുവിന് നൽകിയെന്ന് കാർഡിയോളജി വിഭാഗം ഡോക്ടർമാരുടെ വിശദീകരണമുൾപ്പെടെയാണ് ഇതിലുണ്ടായിരുന്നത്. എന്നാൽ, ആശുപത്രിയിലെ അനുഭവങ്ങളെ കുറിച്ചുള്ള വേണുവിന്റെ ശബ്ദസന്ദേശത്തിലെ പരാമർശങ്ങളുടെ അടിസ്ഥാനമെന്തെന്ന് അറിയാനാണ് മൊഴിയെടുക്കുന്നത്. കേസ് ഷീറ്റിലും ചികിത്സ സംബന്ധിച്ച് പ്രശ്നങ്ങളില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.

ഹൃദ്രോഗത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വേണു അഞ്ചാം ദിവസമാണ് മരിച്ചത്.