പുതിയ സോളാർ വൈദ്യുതി ചട്ടങ്ങൾക്ക് ഹൈക്കോടതി സ്റ്റേ, സാധുത പരിശോധിക്കും
കൊച്ചി: സോളാർ അടക്കമുള്ള പുനരുപയോഗ ഊർജ ഉപഭോഗവുമായി ബന്ധപ്പെട്ട് പുതിയ ചട്ടങ്ങൾ നടപ്പാക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ഈ മാസം 5ന് ഇറക്കിയ വിജ്‌ഞാപനത്തിലെ തുടർനടപടികളാണ് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് ഒരുമാസത്തേക്ക് തടഞ്ഞത്. ഇതിന്റെ നിയമ സാധുതയടക്കം കോടതി പരിശോധിക്കും. സർക്കാരും കെ.എസ്.ഇ.ബിയും റെഗുലേറ്ററി കമ്മിഷനും എതിർസത്യവാങ്മൂലം സമർപ്പിക്കണം.
പുതിയ നയത്തിനെതിരെ ഡൊമസ്റ്റിക് ഓൺഗ്രിഡ് സോളാർ പവർ പ്രോസ്യൂമേഴ്സ് ഫോറം ഉൾപ്പെടെ നൽകിയ ഹർജികളാണ് പരിഗണിക്കുന്നത്.
സ്വകാര്യ വൻകിട കമ്പനികളുമായുള്ള പർച്ചേസ് എഗ്രിമെന്റുകൾ വഴി കമ്മിഷൻ അംഗങ്ങൾ നടത്തുന്ന കോടികളുടെ അഴിമതി മറച്ചുവയ്‌ക്കാനാണ് പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതെന്നും സി.ബി.ഐ അന്വേഷണം വേണമെന്നുമാണ് ഹർജിയിലെ ആവശ്യം. വിജ്ഞാപനമിറക്കും മുമ്പ് പൊതു ഹിയറിംഗ് നടത്തുമെന്നും ഇതിന് ഒരുമാസത്തെ സാവകാശം വേണമെന്നുമാണ് കഴിഞ്ഞ മൂന്നിന് ഹർജി പരിഗണിച്ചപ്പോൾ റെഗുലേറ്ററി കമ്മിഷൻ അറിയിച്ചത്. എന്നാൽ രണ്ടു ദിവസത്തിനകം വിജ്ഞാപനമിറങ്ങി. വിഷയത്തിൽ വിശദമായി വാദം കേൾക്കേണ്ടതുണ്ടെന്നറിയിച്ച കോടതി, ചട്ടങ്ങൾ നടപ്പിലാക്കുന്നത് തടയുകയായിരുന്നു. ഹർജി ഡിസംബർ ഒന്നിലേക്ക് മാറ്റി.