ബ്‌ളാസ്റ്റേഴ്‌സ് കോർപ്പറേറ്റ് കപ്പ്: ടി.സി.എസിനും യു.എസ്.ടിക്കും കിരീടം
കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി സംഘടിപ്പിച്ച കോർപ്പറേറ്റ് കപ്പ് ഫുട്ബാളിൽ പുരുഷ വിഭാഗത്തിൽ ടാറ്റാ കൺസൾട്ടൻസി സർവീസസിനും (ടി.സി.എസ്) വനിതാ വിഭാഗത്തിൽ യു.എസ്.ടിയ്ക്കും കിരീടം. വാശിയേറിയ മത്സരത്തിൽ എച്ച്.ആൻഡ്.ആർ ബ്ലോക്കിനെതിരെ 2-1 വീഴ്ത്തിയാണ് ടി.സി.എസിന്റെ വിജയം. വിപ്രോയ്‌ക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിനാണ് യു.എസ്.ടി വിജയത്തിൽ മുത്തമിട്ടത്. പുരുഷ വിഭാഗത്തിൽ ടി.സി.എസിലെ റീജോ ജോർജ് പ്ലെയർ ഒഫ് ദി ടൂർണമെന്റ് പുരസ്‌കാരം നേടി. ടി.സി.എസിന്റെ തന്നെ ജൂബിൻ അഗസ്റ്റിനാണ് ഗോൾഡൻ ഗ്ലൗ സ്വന്തമാക്കിയത്. ടൂർണമെന്റിലെ ടോപ് സ്‌കോറർക്കുള്ള ഗോൾഡൻ ബൂട്ട് പുരസ്‌കാരം എക്‌സ്പീരിയണിലെ അഹമ്മദ് മുർഷാദിന് ലഭിച്ചു. യു.എസ്.ടിയിലെ സൂര്യ പോളാണ് വനിതാ വിഭാഗം പ്ലെയർ ഒഫ് ദി ടൂർണമെന്റ്. യു.എസ്.ടിയിലെ വിജയലക്ഷ്മി വിൽസൺ ഗോൾഡൻ ഗ്ലൗവും, ടോപ് സ്‌കോററായി വിപ്രോയിലെ അഞ്ജന ബേബി ഗോൾഡൻ ബൂട്ട് പുരസ്‌കാരവും കരസ്ഥമാക്കി.
ബ്ലാസ്റ്റേഴ്‌സ് താരം ശ്രീകുട്ടൻ എം.എസ്, ഗോൾകീപ്പർ അൽസാബിത്ത് എസ്.ടി. എന്നിവരുടെ സാന്നിദ്ധ്യം താരങ്ങൾക്കും ആവേശം പകർന്നു. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി സി.ഇ.ഒ അഭിക് ചാറ്റർജി, കൊമേഴ്‌സ്യൽ ആൻഡ് റെവന്യൂ മേധാവി രഘു രാമചന്ദ്രൻ, സിംപിൾ എനർജി മാർക്കറ്റിംഗ് മാനേജർ ഷിനോയ് തോമസ്, ആക്ടിവ്‌ബേസ് മാനേജിംഗ് ഡയറക്ടർ ഡോ. അനസ് കൊല്ലഞ്ചേരി തുടങ്ങിയവർ സമാപന ചടങ്ങിൽ പങ്കെടുത്തു.