ബാഴ്സയ്ക്ക് ജയം, റയലിന് സമനില

Tuesday 11 November 2025 12:22 AM IST

മാഡ്രിഡ് : സ്പാനിഷ് ലാ ലിഗ ഫുട്ബാളിൽ കഴിഞ്ഞരാത്രി നടന്ന മത്സരങ്ങളിൽ നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണ വിജയിച്ചപ്പോൾ മുൻ ചാമ്പ്യന്മാ‌രായ റയൽ മാഡ്രിഡിന് സമനില. സെൽറ്റ വിഗോയെ രണ്ടിനെതിരെ നാലുഗോളുകൾക്ക് തോൽപ്പിച്ച ബാഴ്സലോണ ഇപ്പോൾ പോയിന്റ് പട്ടികയിൽ ഒന്നാമതുനിൽക്കുന്ന റയലുമായുള്ള പോയിന്റ് വ്യത്യാസം മൂന്നായി കുറയ്ക്കുകയും ചെയ്തു. റയൽ റയോ വയ്യക്കാനോയുമായി ഗോൾരഹിത സമനിലയിൽ പിരിയുകയായിരുന്നു.

സെൽറ്റയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ റോബർട്ട് ലെവൻഡോവ്‌സ്കി നേടിയ ഹാട്രിക്കാണ് ബാഴ്സയ്ക്ക് വിജയം നൽകിയത്.10-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ സ്കോറിംഗ് തുടങ്ങിയ ലെവൻഡോവ്‌സ്കി 37,73 മിനിട്ടുകളിലായാണ് പട്ടിക പൂർത്തിയാക്കിയത്. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ ലാമിൻ യമാലാണ് മറ്റൊരു ഗോൾ നേടിയത്. രണ്ടാം പകുതിയുടെ ഇൻജുറി ടൈമിൽ ഫ്രെങ്കീ ഡിയോംഗ് ചുവപ്പുകാർഡ് കണ്ട് പുറത്തായത് ബാഴ്സയ്ക്ക് തിരിച്ചടിയായി. 11-ാം മിനിട്ടിൽ സെർജി കരേറയും 43-ാം മിനിട്ടിൽ ബോറിയ ഇഗ്‌ലേസിയസുമാണ് സെൽറ്റയ്ക്ക് വേണ്ടി സ്കോർ ചെയ്തത്.

12 മത്സരങ്ങളിൽ നിന്ന് 28 പോയിന്റുമായാണ് ബാഴ്സ രണ്ടാംസ്ഥാനത്ത് തുടരുന്നത്. ഒന്നാമതുള്ള റയലിന് 12 മത്സരങ്ങളിൽ നിന്ന് 31 പോയിന്റാണുള്ളത്.