നാടിന് നൊമ്പരമായി ജ്യോതിഷിന്റെ വേർപാട്

Tuesday 11 November 2025 12:49 AM IST

കൊല്ലം: നാടിന്റെ അഭിമാനമായി മാറുമായിരുന്ന ശാസ്ത്രപ്രതിഭയെയാണ് സ്പെയിനിൽ തിരയിൽപ്പെട്ട് നഷ്ടമായത്. വിപ്ലകരമായ മാറ്റങ്ങൾ സൃഷ്ടിച്ചേക്കാവുന്ന ഒരുപിടി ചിന്തകളുമായാണ് കൊല്ലം തട്ടാമല സ്വദേശിയായ യുവ ഗവേഷകൻ ജ്യോതിഷ് ഓർമ്മയായത്.

ബോസ്റ്റനിൽ 43 രാജ്യങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞർ പങ്കെടുത്ത സമ്മേളനത്തിൽ ടി.ബി ഓർ നോട്ട് ടി.ബി എന്ന വിഷയം അവതരിപ്പിച്ച് ജ്യോതിഷ് വെള്ളിമെഡൽ നേടിയിരുന്നു. ടി.ബി വേഗം കണ്ടുപിടിക്കാനുള്ള മാർഗമാണ് ജ്യോതിഷ് അവതരിപ്പിച്ചത്. ഈ ഗവേഷണ പ്രബന്ധത്തിന് മറ്റ് പല പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഈമാസം രണ്ടിന് വിനോദ യാത്രയ്ക്ക് പുറപ്പെടും മുൻപ് ജ്യോതിഷ് വീട്ടിൽ വിളിച്ചിരുന്നു. അന്ന് തന്നെ തിരയിൽപ്പെട്ട് കാണാതായി.

കുട്ടിക്കാലം മുതലം, ശാസ്ത്രജ്ഞനാകണമെന്നായിരുന്നു ജ്യോതിഷിന്റെ സ്വപ്നം. വീട്ടിലെ ഷോക്കേസ് നിറയെ ജ്യോതിഷിന് കിട്ടിയ സമ്മാനങ്ങളാണ്. പരിശീലനത്തിന് പോകാതെ തന്നെ എൻട്രൻസ് പരീക്ഷയിൽ ഉയർന്ന റാങ്ക് ലഭിച്ചു. എന്നിട്ടും ഗവേഷണ സ്വപ്നത്തോടെ പ്ലസ് ടുവിന് ശേഷം പൂനയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിൽ ബി.എസ്.എം.എസിന് ചേർന്നു. അവിടെ നിന്നാണ് ഗവേഷണത്തിനായി ജർമനിയിലേക്ക് പോയത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് അവസാനമായി നാട്ടിലെത്തി മാർച്ചിലാണ് മടങ്ങിയത്.