ആന്റണി ഇനി മതിലുകൾക്കൊപ്പം

Tuesday 11 November 2025 12:52 AM IST
പൂർണമല്ലാത്ത ഇടതുകൈയിൽ പെയിന്റ് പാട്ട പിടിച്ച് വലതു കൈകൊണ്ട് ചുവരെഴുതുന്ന ആന്റണി

കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണ കോലാഹലത്തി​ന് തുടക്കമായതോടെ ആശ്രാമം സ്വദേശി ആന്റണി (ശ്യാം- 49) പെയിന്റും ബ്രഷുമായി രംഗത്തിറങ്ങിയിട്ടുണ്ട്. ജന്മനാ ഇടതുകൈ മുട്ടിന് താഴേക്ക് ഇത്തിരി ഭാഗം മാത്രമേയുള്ളൂ. എന്നാൽ വടിവൊത്ത എഴുത്തിലും മികവാർന്ന വരയിലും ആന്റണിക്ക് ഇതൊരു പരിമിതിയല്ല.

മൂന്ന് പതിറ്റാണ്ടിലേറെയായി തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ആന്റണി സജീവമാണ്. കക്ഷിഭേദമില്ലാതെ എല്ലാ പാർട്ടിക്കാർക്കു വേണ്ടിയും ചുവരെഴുതും. കൊല്ലം കോർപ്പറേഷനിൽ യു.ഡി.എഫ് ആദ്യഘട്ടം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ വടക്കുംഭാഗം ഡിവിഷനിൽ മത്സരിക്കുന്ന കുരുവിള ജോസഫിന് വേണ്ടിയാണ് ഇപ്പോൾ ചുവരെഴുതുന്നത്. അച്ഛൻ ജോൺസണും ചുവരെഴുത്തായിരുന്നു ജോലി. എസ്.എസ്.എൽ.സി കഴിഞ്ഞതോടെ ആന്റണി ഈ മേഖലയിൽ സജീവമായി. ഒരു തിരഞ്ഞെടുപ്പ് കഴിയുമ്പോഴേക്കും ആയിരത്തോളം മതിലുകളിൽ ആന്റണി എഴുതിയ അക്ഷരങ്ങളും വരച്ച ചിഹ്നങ്ങളും നിറഞ്ഞിട്ടുണ്ടാവും.

കൂടുതലും കൊടിക്കുന്നിലിനു വേണ്ടി

കൊടിക്കുന്നിൽ സുരേഷ് എം.പിക്ക് വേണ്ടിയാണ് കൂടുതൽ ചുവരെഴുത്തുകൾ നടത്തിയിട്ടുള്ളത്. എൻ.കെ.പ്രേമചന്ദ്രൻ എം.പിക്ക് വേണ്ടിയും ഇതിനോടകം നിരവധി മതിലുകളിൽ എഴുതി. ചെറുപ്പം മുതൽ ചിത്രങ്ങൾ വരയ്ക്കുമായിരുന്നു. സിനിമാതാരങ്ങളുടെ ഉൾപ്പെടെ നിരവധി പേരുടെ മുഖച്ചിത്രങ്ങൾ വരച്ചിട്ടുണ്ട്. ചിത്രകലയിൽ ഗുരുക്കൻമാരില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പെയിന്റിംഗാണ് വരുമാനമാർഗം. 25 വർഷമായി വാടകയ്ക്ക് കഴിയുന്ന ആന്റണി ആശ്രാമം വൈദ്യശാല കോതേശ്വരത്ത് വീട്ടിലാണ് വാടകയ്ക്ക് താമസിക്കുന്നത്.