അങ്കണൻവാടി പെൻഷൻ പരിഷ്കരിക്കണം
Tuesday 11 November 2025 12:55 AM IST
ചവറ: സംസ്ഥാന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിലൂടെ വിവിധ സാമൂഹ്യ ക്ഷേമ പെൻഷനുകളും സർവീസിലുള്ള അങ്കണവാടി ജീവനക്കാരുടെ ഓണറേറിയവും വർദ്ധിപ്പിച്ചെങ്കിലും വിരമിച്ച അങ്കണവാടി ജീവനക്കാരോടുള്ള അവഗണനയ്ക്ക് യാതൊരു മാറ്റവുമില്ലെന്ന് അങ്കണവാടി സ്റ്റാഫ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. 35 വർഷത്തിലധികം സേവനം പൂർത്തിയാക്കി സർവീസിൽ നിന്ന് വിരമിച്ച വർക്കർമാരോടും ഹെൽപ്പർമാരോടും കടുത്ത അവഗണനയാണ് സർക്കാർ കാട്ടുന്നത്. പരിമിതമായ ഭൗതിക സാഹചര്യങ്ങളിൽ നിന്നുകൊണ്ട് സാമൂഹ്യ നന്മ ലക്ഷ്യമാക്കി പ്രവർത്തിച്ചിരുന്ന അങ്കണവാടി പെൻഷൻകാർ ഇന്ന് ചികിത്സയും ജീവിത ചെലവും താങ്ങാൻ കഴിയാതെ കഷ്ടപ്പെടുകയാണ്.
പെൻഷൻ തുക ഉയർത്താൻ സർക്കാർ തയ്യാറാവണമെന്ന് അങ്കണവാടി സ്റ്റാഫ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി എൻ. ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു.