ലേഡീസ് യാത്രിയോം കാ ധ്യാൻ ദീജിയേ... (സുരക്ഷിതമല്ല, ലേഡീസ് കമ്പാർട്ട്മെന്റുകൾ...)
തിക്കിലും തിരക്കിലും ശ്വാസംമുട്ടി യാത്ര
കൊല്ലം: ട്രെയിനുകളിലെ ജനറൽ കമ്പാർട്ട്മെന്റുകളെ വെല്ലുന്ന തിക്കും തിരക്കുമായി ലേഡീസ് കമ്പാർട്ട്മെന്റുകൾ. ഒട്ടുമിക്ക ട്രെയിനുകളിലും ഒന്നും ഒന്നരയും കമ്പാർട്ട്മെന്റുകൾ മാത്രമായിരിക്കും വനിതകൾക്ക് അനുവദിച്ചിരിക്കുന്നത്. നിന്നുതിരിയാൻ ഇടമില്ലാതെ, ശ്വാസംമുട്ടും വിധമാവും ഇവിടത്തെ തിരക്ക്.
ട്രെയിനുകളിൽ രാവിലെയും വൈകിട്ടും പുരുഷന്മാരെക്കാൾ കൂടുതലാണ് സ്ത്രീ യാത്രക്കാർ. ഈ സമയങ്ങളിലെ ചില ട്രെയിനുകളിൽ ലേഡീസ് കമ്പാർട്ടുമെന്റുകൾ ഉണ്ടാവുകയുമില്ല. അല്ലെങ്കിൽ ഒരെണ്ണം കാണും. രണ്ട് ലേഡീസ് കമ്പാർട്ട്മെന്റുള്ളതിൽ ഒന്ന് ഏറ്റവും പിന്നിലായിരിക്കും. അതിന് സാധാരണ കോച്ചിന്റെ പകുതി വലിപ്പമേ ഉണ്ടാകാറുള്ളു. മദ്ധ്യഭാഗത്തേ ലേഡീസ് കമ്പാർട്ട്മെന്റിന്റെ സ്ഥാനം സ്ഥിരമായി മാറും. ഈ കമ്പാർട്ട്മെന്റ് കണ്ടുപിടിക്കാൻ വനിതാ യാത്രക്കാർ നേട്ടോട്ടമോടേണ്ട അവസ്ഥയാണ്. വിദ്യാർത്ഥിനികളും വനിതാ ജീവനക്കാരും കൂടുതലായി കയറുന്ന ട്രെയിനുകളിൽ ലേഡീസ് കമ്പാർട്ട്മെന്റുകളുടെ എണ്ണം ഉയർത്തണമെന്ന് വർഷങ്ങളായി ആവശ്യമുണ്ടെങ്കിലും അധികൃതർ പരിഗണിക്കുന്നില്ല.
പ്ലാറ്റ്ഫോമിന് നീളമില്ലാത്ത ചെറിയ സ്റ്റേഷനുകളിൽ പിൻഭാഗത്തെ ലേഡീസ് കോച്ച് നിൽക്കുന്നത് കാടുകപിടിച്ച സ്ഥലങ്ങളിലായിരിക്കും. അതിനാൽ സ്ത്രീകൾക്ക് പലപ്പോഴും ഈ കോച്ചിൽ കയറാൻ കഴിയില്ല. രാത്രികാലങ്ങളിൽ ഇവിടങ്ങളിൽ വെളിച്ചവും ഉണ്ടാകില്ല. അതിനാൽ പിൻഭാഗത്തെ ലേഡീസ് കമ്പാർട്ട്മെന്റിൽ സന്ധ്യയ്ക്ക് ശേഷം കയറാൻ ഭയക്കുകയാണ് സ്ത്രീകൾ.
ഹെൽപ്പ് ചെയ്യാത്ത ഹെൽപ്പ്ലൈൻ
റെയിൽവേയുടെ ഹൈൽപ്പ്ലൈനിൽ വിളിച്ചാൽ പലപ്പോഴും യാതൊരു പ്രതികരണവും ഉണ്ടാകാറില്ലെന്ന് സ്ഥിരം യാത്രക്കാരിയായ മുഖത്തല സ്വദേശിനി രമ്യ പറയുന്നു. രമ്യ പങ്കുവയ്ക്കുന്ന ഒരനുഭവം ഇങ്ങനെ:. തമ്പാനൂർ സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെടാറായപ്പോൾ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഒരാൾ ലേഡീസ് കമ്പാർട്ട്മെന്റിലേക്ക് കയറി. അയാളുടെ വേഷവും പെരുമാറ്റവും കണ്ട് സ്ത്രീകൾ ഭയന്നു. ഉടൻ തന്നെ ഹെൽപ്പ്ലൈനിൽ വിളിച്ചെങ്കിലും ഒരു പ്രതികരണവും ഉണ്ടായില്ല. ട്രെയിൻ നീങ്ങിത്തുടങ്ങിതിന് പിന്നാലെ അയാൾ സ്വയം ഇറങ്ങിപ്പോയപ്പോഴാണ് ആശ്വാസമായത്. അസ്വാഭാവികമായി പെരുമാറുന്നവരെയും മദ്യപിച്ചവരെയും പ്ലാറ്റ്ഫോമുകളിൽ പരിശോധനയിലൂടെ കണ്ടെത്തി പുറത്താക്കണം.
...........................................
വല്ലാത്ത അവസ്ഥ
ലേഡീസ് കമ്പാർട്ട്മെന്റിൽ ഇടയ്ക്കിടെ പുരുഷന്മാർ കയറും
സ്ഥിരമായി പരിശോധനയില്ല രാത്രികാലങ്ങളിൽ വനിതാ യാത്രികർ ഭീതിയിൽ രാത്രിയിൽ കൂടുതൽ യാത്രക്കാരുണ്ടാകില്ല
തിരക്കേറിയ സമയത്തെ ട്രെയിനുകളും ലേഡീസ് കമ്പാർട്ട്മെന്റുകളും
ഇന്റർസിറ്റി- 2 വഞ്ചിനാട്- 2 പുനലൂർ പാസഞ്ചർ -2 മലബാർ- 1 ജയന്തി- 0 ശബരി-1