ഇവ കൃഷി ചെയ്യാൻ എളുപ്പം, നൂറുമേനി വിളവിന് ചെയ്യേണ്ടത് ഇത്രമാത്രം !
ഒരുപാട് കാലം നിലനിൽക്കുന്നതും വളരെ എളുപ്പത്തിൽ കൃഷി ചെയ്യാൻ പറ്റുന്ന പച്ചക്കറികളും നമുക്ക് തന്നെ വീടുകളിൽ കൃഷി ചെയ്യാൻ സാധിക്കും. അത്തരത്തിലുളള മൂന്ന് പച്ചക്കറികൾ എന്തെല്ലാമാണെന്ന് നോക്കാം. ആദ്യത്തേത് കോവയ്ക്കയാണ്. കറി വയ്ക്കാൻ മാത്രമല്ല സാലഡിനും കോവയ്ക്ക ഉപയോഗിക്കാറുണ്ട്. എല്ലാ മണ്ണിലും കോവയ്ക്ക വളരും. എന്നാൽ നീർവാർച്ചയുള്ള മണൽ കലർന്ന മണ്ണിൽ കോവയ്ക്ക വളർത്തിയാൽ ദീർഘകാലത്തേക്ക് അവ നിലനിൽക്കും. കൂടാതെ സൂര്യപ്രകാശം കിട്ടുന്നയിടത്താകണം ഇവയുടെ കൃഷി.
ഒരടി നീളവും 4 - 5മുട്ടുകളുമുള്ള തണ്ടുകളാണ് നടേണ്ടത്. ഓരോ കുഴിയിലും 3 -4 തണ്ട് വീതം നടണം. പൊടിഞ്ഞ കാലിവളവും കാൽ കിലോ രാജ്ഫോസും മേൽമണ്ണും കുഴികളിൽ നന്നായി ഇളക്കിച്ചേർക്കുകയും വേണം. കൂടുതൽ ശിഖരങ്ങൾ ഉണ്ടാകാനായി അഗ്രമുകുളങ്ങൾ ചെറുതായി പ്രൂൺ ചെയ്യണം. നട്ട് ഒരു മാസം കഴിഞ്ഞ് 750 ഗ്രാം യൂറിയയും 50 ഗ്രാം പൊട്ടാഷും നൽകുക. രണ്ട് മീറ്റർ ഉയരത്തിൽ പന്തലിട്ട് വള്ളികൾ പടർത്താം. തൈകൾ നട്ട കുഴികളിൽ മറ്റ് കളകൾ വളരാൻ അനുവദിക്കുകയും ചെയ്യരുത്.
മറ്റൊന്ന് വള്ളിചീരയാണ്. നിറയെ ശാഖകളോടുകൂടി വളരുന്ന വള്ളിചീര ജൈവാംശമുള്ള എക്കൽ മണ്ണിൽ നന്നായി വളരും. ഒന്നരയടി വലുപ്പത്തിൽ കുഴിയെടുത്ത് 5 കിലോ ഉണക്കി പൊടിച്ച കാലിവളവും മേൽമണ്ണും നിറച്ച ശേഷം തണ്ട് മുറിച്ചു നടണം. പന്തലിൽ വളർത്തി നടുകയാണെങ്കിൽ ആറ് ആഴ്ചക്കുള്ളിൽ വിളവെടുക്കാൻ കഴിയും. രണ്ടാഴ്ചയിലൊരിക്കൽ പൊടിഞ്ഞ ജൈവവളം നൽകുന്നത് മികച്ച ഗുണം ചെയ്യുന്നത്. പ്രോട്ടീൻ, നാരുകൾ, കാത്സ്യം, ഇരുമ്പ്, ബീറ്റാകരോട്ടീൻ, വൈറ്റമിൻ സി എന്നിവയുടെ മികച്ച സ്രോതസ്സാണ് വള്ളിച്ചീര.
കൃഷി ചെയ്യാൻ എളുപ്പമുള്ള മറ്റൊരു വിളയാണ് മധുരചീര. മറ്റ് ചീരകളുമായി താരതമ്യം ചെയ്യുമ്പോൾ മധുരച്ചീരയ്ക്കു പോഷകഗുണം കൂടുതലാണ് ഉള്ളത്. നനവും തണലുമുള്ള എല്ലാത്തരം മണ്ണിലും ഇത് കൃഷി ചെയ്യാൻ സാധിക്കും. ഒരടി നീളത്തിൽ ഇളതണ്ടുകൾ മുറിച്ചാണ് മധുരചീര നടേണ്ടത്. ഒരടി വീതിയിൽ ചാലുകീറി അതിൽ മേൽമണ്ണും പൊടിഞ്ഞ കംപോസ്റ്റും ചേർക്കണം. ചാലിൽ ഒരടി അകലത്തിൽ കമ്പുകൾ നടാം. നടും മുൻപ് കമ്പിലെ ഇലകൾ നീക്കുകയും വേണം. ആഴ്ചയിലൊരിക്കൽ വെള്ളമൊഴിക്കുകയും വേണം. നട്ട് രണ്ടാം മാസത്തിൽ ഇല മുറിച്ചെടുക്കാൻ സാധിക്കും.