ഉത്തരേന്ത്യയിലേക്കും വിദേശ രാജ്യങ്ങളിലേക്കും ഉൾപ്പെടെ കയറ്റുമതി, കിലോയ്ക്ക് 30 രൂപയിൽ നിന്ന് ഇന്ന് ലഭിക്കുന്നത് ...
പത്തനാപുരം: കിഴക്കൻ മലയോര മേഖലയിലെ നൂറുകണക്കിന് ഹെക്ടർ ഭൂമിയിൽ പൈനാപ്പിൾ (കൈതച്ചക്ക) കൃഷി ഇറക്കിയ കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. കാലം തെറ്റിയെത്തിയ കനത്ത മഴയും വന്യമൃഗങ്ങളുടെ ശല്യവുമാണ് കർഷകർക്ക് തിരിച്ചടിയായത്.പത്തനാപുരം താലൂക്കിലെ മുക്കടവ്, ചണ്ണക്കാമൺ, മാമ്പഴത്തറ തുടങ്ങിയ നിരവധി പ്രദേശങ്ങളിലാണ് റബർ തൈകളുടെ ഇടവിളയായി പൈനാപ്പിൾ കൃഷി ചെയ്യുന്നത്.
വന്യമൃഗശല്യം രൂക്ഷം
കാട്ടുപന്നികളുടെ കൂട്ടമായ ആക്രമണം കൃഷിക്ക് വലിയ നാശനഷ്ടമാണ് ഉണ്ടാക്കുന്നത്. ഒരു തവണ കാട്ടുപന്നി ഇറങ്ങിയാൽ ഒന്നര ഏക്കർ ഭൂമിയിലെ പൈനാപ്പിൾ കൃഷിയാണ് ഒറ്റയടിക്ക് നശിപ്പിക്കുന്നത്.വന്യമൃഗങ്ങളെ പ്രതിരോധിക്കാൻ സോളാർ വേലി അടക്കമുള്ള സംവിധാനങ്ങൾ സ്ഥാപിച്ചെങ്കിലും ഫലിക്കുന്നില്ല. സോളാർ വേലികളിലെ ബാറ്ററികളിലെ ചാർജ് കുറയുന്നതോടെ വന്യമൃഗങ്ങളുടെ ശല്യം വർദ്ധിക്കുന്നതായും കർഷകർ പറയുന്നു.
വില്ലനായി കനത്ത മഴയും
കഴിഞ്ഞ ആറ് മാസമായി പൈനാപ്പിളിന്റെ വില താഴുന്നത് പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു. ആറുമാസം മുമ്പ് കിലോയ്ക്ക് 30 രൂപ വരെ വില ലഭിച്ചിരുന്നിടത്ത് ഇപ്പോൾ കാര്യമായ കുറവുണ്ടായി. മുൻപ് പത്ത് ലോഡ് പൈനാപ്പിൾ ലഭിച്ചിരുന്ന സ്ഥാനത്ത് ഇത്തവണ കേവലം ആറ് ലോഡ് മാത്രമാണ് ലഭിച്ചത്. ഡൽഹി, മുംബൈ അടക്കമുള്ള സ്ഥലങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും കയറ്റി അയച്ചാണ് കർഷകർ നിലനിന്നിരുന്നത്. വിൽപ്പനയും കയറ്റുമതിയും കുറയുമ്പോൾ പൈനാപ്പിൾ പൾപ്പാക്കി സംഭരിക്കുകയാണ് പതിവ്. ഇത് പിന്നീട് സർക്കാർ ഏറ്റെടുക്കാറാണ് രീതി. എന്നാൽ, ഇത്തവണ കാലം തെറ്റിയെത്തിയ കനത്ത മഴയും രൂക്ഷമായ വന്യമൃഗശല്യവും കാരണം കർഷകരും കൃഷിയെ ആശ്രയിച്ച് കഴിയുന്ന തൊഴിലാളികളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.
കനത്ത മഴയ്‌ക്കൊപ്പം കീടനാശിനി ശല്യവും അതിരൂക്ഷമായി. കീടനാശിനികൾ തളിച്ചിട്ടും രക്ഷയില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്.
ജോസ് (കർഷകൻ )
എറണാകുളം സ്വദേശി