'കണ്ണനെ ഞാൻ ഉള്ളിൽ കയറി കാണും, നടയിൽ വച്ച് എന്റെ വിവാഹവും ഉണ്ടാവും'; ആത്മഹത്യാശ്രമം പാളി, പുതിയ വീഡിയോയുമായി ജസ്ന സലീം

Tuesday 11 November 2025 10:27 AM IST

ഹൈക്കോടതി വിധി ലംഘിച്ച് ഗുരുവായൂർ അമ്പലനടയിൽ റീൽസ് ചിത്രീകരണം നടത്തിയ ജസ്ന സലീം കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതിന്റെ വീഡിയോയും യുവതി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. എന്തിനാണ് തന്നെ ആളുകൾ ഇങ്ങനെ വെറുക്കുന്നത് എന്ന് ചോദിച്ചുകൊണ്ട് ചോര ഒലിക്കുന്ന കൈയുടെ ദൃശ്യങ്ങളാണ് വീഡിയോയിലുണ്ടായിരുന്നത്.

പിന്നീട് ഈ ദൃശ്യങ്ങൾ നീക്കം ചെയ്‌തു. ഇതിനുപിന്നാലെ കൈ കെട്ടിവച്ചുള്ള ഒരു വീഡിയോയും ജസ്ന സലീം യൂട്യൂബിൽ പങ്കുവച്ചിട്ടുണ്ട്. കൈ വേദനയുള്ളതിനാൽ തനിക്ക് ഉറക്കം വരുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് യൂട്യൂബ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'കണ്ണനെ ഞാൻ ഉള്ളിൽ കയറി കാണും, അന്ന് എന്റെ വിവാഹവും നടയിൽവച്ച് ഉണ്ടാകും'- എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

വീഡിയോയ്ക്ക് താഴെ രൂക്ഷമായി വിമർശിച്ചുകൊണ്ട് നിരവധി പേർ കമന്റ് ചെയ്‌തിട്ടുണ്ട്. നിങ്ങൾ ഇത് എത്രാമത്തെ തവണയാ ആത്മഹത്യാ നാടകം കളിക്കുന്നതെന്നാണ് ഒരാൾ ചോദിച്ചത്. ഇങ്ങനെ കൈ ഞരമ്പ് മുറിച്ച് അഭിനയിക്കാൻ നാണമില്ലേ എന്നാണ് മറ്റൊരാൾ ചോദിച്ചത്.

ഹൈക്കോടതി വിധി ലംഘിച്ച് റീൽസ് ചിത്രീകരണം നടത്തിയതിന് ജസ്നയ്‌ക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. ഇതിനുമുമ്പ് ജസ്ന ക്ഷേത്ര നടപ്പുരയിൽ കേക്കുമുറിച്ച് പിറന്നാൾ ആഘോഷിച്ച് സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചതിന് ഹൈക്കോടതിയിൽ പരാതി എത്തിയിരുന്നു. തുടർന്നാണ് നടപ്പുരയിൽ വീഡിയോ ചിത്രീകരണം ഹൈക്കാേടതി വിലക്കിയത്. മതപരമായ ചടങ്ങുകളുടേതോ, വിവാഹങ്ങളുടേതോ അല്ലാത്ത വീഡിയോ ചിത്രീകരിക്കരുതെന്നായിരുന്നു നിർദേശം. ഇതുമറികടന്നാണ് ജസ്ന വീണ്ടും റീൽസ് ചിത്രീകരിച്ചത്.