ചെലവഴിക്കുന്നത് കോടികൾ; കൊച്ചിക്കാർ ആറ് മാസം കൂടി കാത്തിരുന്നാൽ മതി, വരാൻ പോകുന്നത്

Tuesday 11 November 2025 11:07 AM IST

കൊച്ചി: കൊച്ചി നഗരത്തിന്റെയും നഗരത്തിലെത്തുന്ന ബസ് യാത്രക്കാരുടെയും കാത്തിരിപ്പിന് വിരാമമാകുന്നു. കാരിക്കാമുറിയിൽ 13 കോടിരൂപ മുടക്കിൽ നിർമ്മിക്കുന്ന ബസ് സ്റ്റാൻഡിന്റെ രൂപരേഖയും വിശദമായ പ്ലാനും തയ്യാറായി. പദ്ധതിക്കുള്ള ഭരണാനുമതി ലഭിച്ചാൽ ഉടൻ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. ഭരണാനുമതി ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ കെ.എസ്.ആർ.ടി.സിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ മേയർ അഡ്വ. എം. അനിൽകുമാറിനെ അറിയിച്ചു.

ആദ്യഘട്ടത്തിലാണ് 13 കോടി അനുവദിക്കുന്നത്. മറ്റ് ചെലവുകൾകൂടി വരുമ്പോൾ തുക വർദ്ധിക്കും. നേരത്തെ ചീഫ് ആർക്കിടെക്ട് ഉൾപ്പെടെയുള്ളവരെത്തി പരിശോധിച്ച ശേഷമാണ് പുതിയ ബസ് സ്റ്റാൻഡ് സംബന്ധിച്ച് അന്തിമതീരുമാനമായത്. എട്ടേക്കർ ഭൂമിയിലെ സൗത്ത് റെയിൽവേ സ്റ്റേഷനോട് ചേർന്നുള്ള ഭാഗത്താണ് കാരിക്കാമുറിയിൽ ബസ് സ്റ്റാൻഡ് വരുന്നത്.

കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് (സി.എസ്.എം.എൽ) ഫണ്ടിൽ 12 കോടി ഉൾപ്പെടുത്തി നിർമ്മാണം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഈ ഫണ്ട് നിർമ്മാണം നീണ്ടതോടെ ലാപ്സായതിനാലാണ് ധനവകുപ്പ് പുതിയ ഫണ്ട് അനുവദിച്ചത്.

പ്രീ ഫാബ് സ്റ്റീൽ സ്ട്രക്ചർ മാതൃക

പ്രീ ഫാബ് സ്റ്റീൽ സ്ട്രക്ചർ മാതൃകയിലുള്ള ബസ് സ്റ്റാൻഡിന്റെ രൂപരേഖയാണ് കെ.എസ്.ആർ.ടി.സി പുറത്തുവിട്ടത്. തറപണിതശേഷം അതിൽ സ്റ്റീൽപില്ലറുകൾ ഉയർത്തും. പില്ലറിനുമുകളിൽ ബീമുകൾ സ്ഥാപിക്കും. അതിനുമുകളിൽ മെറ്റൽഷീറ്റ് വിരിക്കും. ഈ മെറ്റൽഷീറ്റുകളിൽ സ്ലാബ് വാർക്കും. ഈ ഷീറ്റുകൾ നീക്കം ചെയ്യില്ല. ഇതിനുശേഷം രണ്ടാംതട്ടിലും സ്റ്റീൽതൂണുകൾ വരും. ഏറ്റവുമൊടുവിൽ ഈ സ്റ്റീൽതൂണുകളിലാകും കാൽസിപ് മേൽക്കൂര നിർമ്മിക്കുക.

ആറുമാസംകൊണ്ട് പൂർത്തിയാക്കാം

പ്രീ ഫാബ് സ്റ്റീൽസ്ട്രക്ചർ മാതൃകയിലുള്ള ബസ്‌സ്റ്റാൻഡ് നിർമ്മാണം ആറുമാസംകൊണ്ട് പൂർത്തീകരിക്കാനാകും. അങ്ങനെയെങ്കിൽ ഭരണാനുമതി ലഭിച്ചാൽ ആറുമാസംകൊണ്ട് ബസ് സ്റ്റാൻഡ് യാഥാർത്ഥ്യമാകും.ധനമന്ത്രിയുടെ സന്ദർശനത്തിന് പിന്നാലെ വളരെ വേഗത്തിലാണ് ബസ് സ്റ്റാൻഡ് നിർമ്മാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.- എം. അനിൽകുമാർ, മേയർ.