യാത്രക്കാർ പാടുപെടും, അന്തർസംസ്ഥാന ബസ് സമരം കൂടുതൽ സംസ്ഥാനങ്ങളിലേക്ക്, സർവീസ് ഇല്ല
ചെന്നൈ: കേരളത്തിനും തമിഴ്നാടിനും പുറമെ കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലേക്കുള്ള സർവീസുകൾ നിർത്തിവയ്ക്കുകയാണെന്ന് ബസുടമകളുടെ സംഘടന അറിയിച്ചു. സംസ്ഥാനാതിർത്തി കടക്കുന്നതിന് അമിത നികുതി ഈടാക്കുന്നെന്ന് ആരോപിച്ചാണ് ഇപ്പോൾ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
നേരത്തെ തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്കുള്ള സ്വകാര്യ ബസുകൾ വെള്ളിയാഴ്ച മുതൽ സർവീസ് നിർത്തിവച്ചിരുന്നു. ഇതോടൊപ്പം കേരളത്തിൽ നിന്ന് അടുത്തുള്ള സംസ്ഥാനങ്ങളിലേക്കുള്ള സ്വകാര്യ ബസുകൾ ഓടില്ലെന്ന് ഞായറാഴ്ച ഉടമകളുടെ സംഘടന അറിയിച്ചിരുന്നു. പിന്നാലെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സ്വകാര്യ ബസുടമകളുടെ എട്ട് സംഘടനകൾ മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള സർവീസ് പൂർണമായും നിർത്തുകയായിരുന്നു.
ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റെടുത്ത ബസുകൾക്ക് മറ്റ്സംസ്ഥാനങ്ങളിൽ ഓടാൻ നികുതി ഒടുക്കേണ്ടതില്ലെന്ന് നിയമമുണ്ട്. ഇത് കണക്കിലെടുക്കാതെ സംസ്ഥാനങ്ങൾ നികുതി പിരിക്കുകയാണ്. തമിഴ്നാട്ടിൽ കർണാടക ടൂറിസ്റ്റ് ബസുകൾക്ക് പിഴ ചുമത്തുന്നത് കണക്കിലെടുത്ത് കഴിഞ്ഞ രണ്ടാഴ്ചയായി അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള 160 ടൂറിസ്റ്റ് ബസുകൾക്ക് കർണാടക മോട്ടോർവാഹന വകുപ്പ് പിഴ ചുമത്തിയിരുന്നു.