താമസസ്ഥലത്തുനിന്ന് ചെക്ക് ഇൻ ചെയ്യാം, ലഗേജ് എടുക്കാൻ വീട്ടിൽ ആളെത്തും; യാത്രക്കാർക്കായി പുതിയ സംവിധാനം
ഷാർജ: പ്രവാസികൾ അടക്കമുള്ള യാത്രക്കാർക്ക് ഉപകാരപ്രദമായ പുതിയ സംവിധാനം അവതരിപ്പിച്ച് ഷാർജ വിമാനത്താവളം. ജോലി സ്ഥലത്തോ താമസ സ്ഥലത്തോ ഇരുന്നുകൊണ്ട് ചെക്ക് - ഇൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കുന്ന സംവിധാനമാണ് അവതരിപ്പിച്ചത്. 'ഹോം ചെക്ക് - ഇൻ' സംവിധാനം ഉപയോഗിക്കുന്നവർക്ക് വിമാനത്താവളത്തിലെത്തിയാൽ നീണ്ട കാത്തിരിപ്പ് ഒഴിവാക്കി നേരെ തുടർ നടപടിയിലേയ്ക്ക് പ്രവേശിക്കാം. ബോർഡിംഗ് പാസ് നൽകുന്നത് മുതൽ യാത്രക്കാരുടെ വീടുകളിൽ നിന്ന് ലഗേജുകൾ ശേഖരിക്കുന്നതുവരെ എയർപോർട്ട് ടീം നടപ്പിലാക്കും.
www.sharjahairport.ae എന്ന വെബ്‌സൈറ്റിലൂടെയാണ് 'ഹോം ചെക്ക് - ഇൻ' സംവിധാനം ഉപയോഗിക്കാൻ സാധിക്കുക. 800745424 എന്ന നമ്പറിൽ വിളിച്ചും SHJ Home Check-In മൊബൈൽ ആപ്പ് വഴിയും സേവനം തേടാം. വിമാനം പുറപ്പെടുന്നതിന് എട്ട് മണിക്കൂർ മുൻപെങ്കിലും സേവനത്തിനായി ബുക്ക് ചെയ്യണം. ബാഗുകളുടെ എണ്ണത്തിനനുസരിച്ചാണ് പാക്കേജ് നിരക്ക്.
- കോറൽ പാക്കേജ്: 1-2 ബാഗിന് 145 ദിർഹം
- സിൽവർ പാക്കേജ്: 3-4 ബാഗിന് 165 ദിർഹം
- ഗോൾഡ് പാക്കേജ്: ആറ് ബാഗുകൾ വരെ 185 ദിർഹം
എയർലൈനിന്റെ ബാഗേജ് പോളിസിക്ക് അനുസൃതമായി കൂടുതലുള്ള ഓരോ ബാഗിനും 20 ദിർഹം അധികമായി നൽകേണ്ടി വരും. സേവനം പ്രാരംഭഘട്ടമാണ് ഇപ്പോൾ നടപ്പിലാക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ദുബായിൽ നിന്ന് മറ്റിടങ്ങളിലേയ്ക്ക് പോകുന്നവർക്കും 'ഹോം ചെക്ക് - ഇൻ' സംവിധാനം ഉപയോഗിക്കാൻ സാധിക്കും.