ശരീരത്തിൽ നീലനിറം; ആശുപത്രിയിൽ പ്രവേശിപ്പിച്ച എട്ടുവയസുകാരി മരിച്ചു

Tuesday 11 November 2025 12:27 PM IST

കോഴിക്കോട്: പാമ്പ് കടിയേറ്റെന്ന സംശയത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച എട്ടുവയസുകാരി മരിച്ചു. കോഴിക്കോട് കൊടുവള്ളി കരീറ്റിപറമ്പ് ഊരാളുക്കണ്ടി യുകെ ഹാരിസ് സഖാഫിയുടെ മകൾ ഫാത്തിമ ഹുസ്‌നയാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച മടവൂരിൽ നടന്ന ചടങ്ങിനിടെയാണ് കുട്ടിക്ക് ദേഹാസ്വസ്ഥ്യം ഉണ്ടായത്.

ശരീരത്തിൽ നീലനിറം കാണുകയും ചെയ്തു. തുടർന്ന് കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായതിനാൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി വരികയായിരുന്നു. ഫാത്തിമ നിന്ന ഭാഗത്ത് പാമ്പ് ഇഴഞ്ഞുപോകുന്നത് കണ്ടതായി സമീപത്തുണ്ടായിരുന്നവർ പറയുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യും. അതിന് ശേഷമേ മരണകാരണം വ്യക്തമാകൂ. മാനിപുരം യുപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു ഫാത്തിമ ഹുസ്ന.