വീട്ടിൽ അലാറത്തിന്റെ ആവശ്യമില്ല; കുട്ടിയെ ഉണർത്താൻ ചെയ്യുന്ന സൂത്രം

Tuesday 11 November 2025 12:30 PM IST

മിക്ക കുട്ടികൾക്കും രാവിലെ എഴുന്നേൽക്കാൻ മടിയായിരിക്കും. അലാറം സെറ്റ് ചെയ്താലും അത് ഓഫ് ചെയ്ത് വീണ്ടും കിടന്നുറങ്ങുന്ന കുസൃതിക്കുടുക്കകളുമുണ്ട്. അലാറം ഇല്ലാതെ തന്നെ കുട്ടിയെ എഴുന്നേൽപ്പിക്കുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഓമനത്തമുള്ള കുഞ്ഞ് നായക്കുട്ടിയെ ഉപയോഗിച്ചാണ് കുട്ടിയെ ഉണർത്തുന്നത്. നായക്കുട്ടിയും ആൺകുട്ടിയും തമ്മിൽ അഗാതമായ ബന്ധമുണ്ടെന്ന് വീഡിയോയിൽ നിന്ന് വ്യക്തമാണ്. രാവിലെ കുട്ടിയുടെ അടുത്തുപോയി അവനെ ഉണർത്തുന്ന നായക്കുട്ടിയാണ് വീഡിയോയിലുള്ളത്.

'നാല് കാലുകളുള്ള ഏറ്റവും മികച്ച അലാറം ക്ലോക്കിനെ പരിചയപ്പെടൂ. നായക്കുട്ടി എല്ലാ ദിവസവും രാവിലെ നേരെ കിടപ്പുമുറിയിലേക്ക് പോകുന്നു, വാൽ ആട്ടി, തന്റെ പ്രിയപ്പെട്ട സുഹൃത്തിനെ മെല്ലെ ഉണർത്തുന്നു. കുറച്ച് ചുംബനങ്ങൾ നൽകിയൊക്കെയാണ് ആൺകുട്ടിയെ ഉണർത്തുന്നത്. കുട്ടി മടിയില്ലാതെ ഉണരും. ഇത്തരത്തിൽ അലാറം ആയി പ്രവർത്തിക്കുന്ന വളർത്തുമൃഗം നിങ്ങൾക്കുണ്ടോ?'- എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു ലക്ഷത്തിലധികം പേരാണ് വീഡിയോ ലൈക്ക് ചെയ്‌തിരിക്കുന്നത്