"ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ" എഴുതിയ കവി ബിജെപിയിൽ ചേർന്നോ?
കൊല്ലം: താൻ ഒരു പാർട്ടിയിലും അംഗമല്ലെന്ന് കവി ഇഞ്ചക്കാട് ബാലചന്ദ്രൻ. തന്റെ നിലപാടുകളിൽ മാറ്റമില്ലെന്നും ദീർഘനാളുകളായി സ്വതന്ത്രനാണെന്നും അദ്ദേഹം പ്രതികരിച്ചു. ബി ജെ പിയിൽ ചേർന്നതായുള്ള വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് പ്രതികരണം.
"എന്റെ നിലപാടുകളിൽ മാറ്റമില്ല. എറെ നാളായി ഞാൻ സ്വതന്ത്രനാണ്. ഏതു വ്യക്തിയോടും പ്രസ്ഥാനത്തോടും വിധേയപ്പെടാറില്ല. വ്യക്തിയായാലും സംഘടന ആയാലും അവർ ചെയ്യുന്ന നല്ല കാര്യങ്ങളോട് ചേരും. മോശം കാര്യങ്ങൾ എനിക്ക് താല്പര്യമില്ല. ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ല.
കലാ സാംസ്‌കാരിക പ്രസ്ഥാനങ്ങളോട് ചേരും. കഴിഞ്ഞ മാസം സംസ്കാര സാഹിതിയിൽ അംഗമായി. ഡി ആർ മഹേഷിന്റെ നേതൃത്വത്തിൽ കുറെ നല്ലകാര്യങ്ങൾ ചെയ്യുന്നതിനാലാണ് അത്. അവരോടൊപ്പം ഇനിയും ഉണ്ടാകും. അവരിൽ ചിലർ ഞാൻ കോൺഗ്രസിൽ ചേർന്നെന്ന് പോസ്റ്റിട്ടു. അവരുടെ ആഗ്രഹമല്ലേ ഞാൻ പ്രതിഷേധിച്ചില്ല.
ഏതാനും ദിവസം മുമ്പ് ബി ജെ പി ജില്ലാ പ്രസിഡന്റ് രാജി എന്നെ കണ്ട് സിനിമാ നിർമ്മാതാവ് സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ കൾച്ചറൽ വിഭാഗം ആരംഭിക്കുന്നെന്നും ഞാൻ അതിനൊപ്പം വേണമെന്നും പറഞ്ഞു. വരാമല്ലോ എന്നും പറഞ്ഞു. രാഷ്ട്രീയ പ്രവർത്തനം ആഗ്രഹിക്കല്ലേ എന്ന് അപ്പോഴും പറഞ്ഞു. ഒരു പദവിയും ആഗ്രഹിക്കാത്ത എന്നെ കൾച്ചറൽ സെൽ കൺവീനറാക്കിയെന്ന്. ബി ജെ പി യിൽ ചേർന്നെന്ന വാർത്ത ചാനലിലൂടെ ആണ് അറിഞ്ഞത് .
ഈ ഏഴുപത്തിരണ്ടാം വയസിൽ എനിക്ക് വിവാദങ്ങൾ സഹിക്കാൻ താല്പര്യമില്ല. വെറുപ്പും ഭയവും ഇല്ലാത്ത ഒരു ലോകക്രമം അറിവിലൂടെയും സ്നേഹത്തിലൂടെയും സാദ്ധ്യമാണെന്നും അത് ലക്ഷ്യമിടുന്ന ചില സാംസ്കാരിക പരിപാടി പ്ലാനുണ്ടെന്നും ഞാൻ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളോട് സംസാരിച്ചിട്ടുണ്ട്. എം എ ബേബി, ചിറ്റയം ഗോപകുമാർ, സി ആർ മഹേഷ്, പികെ ഉസ്മാൻ, കോവൂർ കുഞ്ഞുമോൻ എന്നിവരോടും കുമ്മനം രാജശേഖരൻ, രാജീവ് ചന്ദ്രശേഖർ എന്നിവരോടും അവ വിശദമാക്കിയിട്ടുണ്ട്. കക്ഷിക്കും വ്യക്തിക്കും അപ്പുറം പൊതു മനുഷ്യരുടെ നന്മനിറഞ്ഞ ലോകം ആശിക്കുന്നു. കവിതയും സിനിമയും പാട്ടുമായി ഇനിയും ഞാൻ ഇവിടെയുണ്ട്"- അദ്ദേഹം വ്യക്തമാക്കി. ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ എന്ന പരിസ്ഥിതി ഗീതം എഴുതിയ വ്യക്തിയാണ് ഇഞ്ചക്കാട് ബാലചന്ദ്രൻ.