ബിഗ് ബോസിൽ പങ്കെടുക്കാനല്ല സർക്കാർ ജോലിയിൽ നിന്ന് ലീവെടുത്തത്; ലക്ഷ്യം മറ്റൊന്നായിരുന്നെന്ന് അനീഷ്
ബിഗ് ബോസ് സീസൺ 7ൽ ഇത്തവണ റണ്ണർ അപ്പ് ആയത് കോമണറായെത്തിയ അനീഷാണ്. ബിഗ് ബോസിന്റെ എല്ലാ സീസണും താൻ കണ്ടിട്ടുണ്ടെന്നും അതായിരുന്നു തന്റെ തയ്യാറെടുപ്പെന്നും അദ്ദേഹം വെളിപ്പെടുത്തി. ഷോയ്ക്ക് ശേഷം നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അനീഷ്.
അഞ്ച് വർഷം സർക്കാർ ജോലിയിൽ നിന്ന് ലീവെടുത്തത് എന്തിനാണെന്നും അനീഷ് വെളിപ്പെടുത്തി. 'വിദേശത്ത് പോകാൻ വേണ്ടിയാണ് ലീവെടുത്തത്. ബെറ്റർ ജോലി കിട്ടണമെന്നുണ്ടായിരുന്നു. എനിക്കൊരു ജോലി സെറ്റായിട്ടുണ്ടായിരുന്നു. ഇന്റർവ്യൂ അറ്റൻഡ് ചെയ്തുകഴിഞ്ഞാൽ അത് കിട്ടുമെന്ന ഉറപ്പുണ്ടായിരുന്നു. അങ്ങനെയാണ് ഞാൻ അഞ്ച് വർഷം ലീവെടുത്തത്. യുഎഇയിൽ പോയി.
ഇന്റർവ്യൂ അറ്റൻഡ് ചെയ്തു. നല്ലൊരു അവസരമായിരുന്നു. കുറച്ചുദിവസം കഴിഞ്ഞിട്ടും അവർ വിളിച്ചില്ല. വിസിറ്റിംഗിന്റെ സമയം കഴിഞ്ഞു. ഞാൻ തിരിച്ച് വീട്ടിലേക്ക് വന്നു. ആ സമയത്തൊക്കെ ഞാൻ വിളിക്കുമ്പോൾ അവർ എനിക്ക് പ്രതീക്ഷ തന്നുകൊണ്ടേയിരുന്നു. ഇത് നടക്കില്ലെന്ന് പതുക്കെ മനസിലായി. ആ സമയം ഞാൻ ഒന്നും ചെയ്തിട്ടില്ലായിരുന്നു. തിരിച്ച് ജോലിക്ക് കയറണോ, അല്ലെങ്കിൽ കലാപരമായി എന്തെങ്കിലും ചെയ്യണോയെന്ന് തീരുമാനിച്ചു. അവിടെവച്ചാണ് ഞാൻ ബുക്ക് എഴുതിയത്. ആ സമയത്തുതന്നെയാണ് ബിഗ് ബോസിന്റെ കഴിഞ്ഞ സീസണിന്റെ ഓഡീഷൻ വരുന്നത്. നിർഭാഗ്യവശാൽ അത് കിട്ടിയില്ല.
പക്ഷേ അതിയായി ആഗ്രഹിക്കുകയാണെങ്കിൽ അടുത്ത കൊല്ലം ബിഗ് ബോസിൽ കിട്ടുമെന്നൊരു കോൺഫിഡൻസ് വന്നു. തീവ്രമായി മനസിൽ ആഗ്രഹിച്ചു. ആ പിരീഡിൽ ബുക്ക് പൂർത്തിയാക്കി. കൃഷി ചെയ്തു. കംപ്ലീറ്റ് ബിസിയായി. ഇത്തവണ ഓഡീഷൻ അറ്റൻഡ് ചെയ്തു. ഭാഗ്യവശാൽ കിട്ടി.