മരിച്ചുപോയ പ്രിയപ്പെട്ടവരെ നേരിൽ കണ്ട് സംസാരിക്കാൻ അവസരം; വിശേഷങ്ങളെല്ലാം ചോദിച്ചറിയാം

Tuesday 11 November 2025 3:03 PM IST

നിർമ്മിത ബുദ്ധി ഉപയോഗിച്ച് മരണപ്പെട്ടവരുടെ ശബ്ദവും ഓർമ്മകളും സംരക്ഷിക്കാനുള്ള സങ്കേതിക വിദ്യ അതിവേഗമാണ് ശ്രദ്ധേയമായത്. പ്രിയപ്പെട്ടവരുടെ ശബ്ദത്തിൽ സംസാരിക്കുന്ന ചാറ്റ്ബോട്ടുകൾ, മരിച്ചവരുമായി സംസാരിക്കാൻ അവസരം ഒരുക്കുന്ന വോയിസ് അവതാറുകളും ഇപ്പോൾ നിലിവിലുണ്ട്. ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് മൺമറഞ്ഞവരുടെ ഓർമ്മകളും സംഭാഷണങ്ങളും ഉള്ളിടത്തോളം കാലം നിലനിർത്താനും അവരുമായി സംസാരിക്കുന്ന അനുഭവം സൃഷ്ടിക്കാനും സാധിക്കും. ഇതിലൂടെ പുതിയൊരു ഡിജിറ്റൽ രംഗമാണ് ലോകത്ത് വളർന്നു വരുന്നത്.

മരിച്ച വ്യക്തിയുടെ ശബ്ദം, സംസാര ശൈലി, വ്യക്തിത്വം എന്നിവ അനുകരിക്കാൻ രൂപകല്പന ചെയ്ത എഐ സംവിധാനങ്ങളാണ് ഡെത്ത് ബോട്ടുകൾ. ശബ്ദ രേഖകൾ, ടെക്സ്റ്റ് മെസേജുകൾ, ഇമെയിലുകൾ എന്നിവ ഉപയോഗിച്ചാണ് ഇവ സൃഷ്ടിക്കുന്നത്. മരണപ്പെട്ട് പോയ വ്യക്തി സംസാരിക്കുന്നത് പോലെ തോന്നിക്കുന്ന അവതാറുകളാണ് ഇവ രൂപപ്പെടുത്തുന്നത്.

മെമ്മറി, മൈൻഡ് ആൻഡ് മീഡിയ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ലണ്ടനിലെ കിംഗ്സ് കോളേജിലെ ഡോ. ഇവാ നീറ്റോ മക്ഇവോയിയും കാർഡിഫ് യൂണിവേഴ്സിറ്റിയിലെ ജെന്നി കിഡ്ഡും വിഷയം കൂടുതൽ ആഴത്തിൽ പഠിച്ചു. മരിച്ചവരുടെ ഓർമ്മകൾ എഐ അൽഗോരിതത്തിലൂടെ കൈകാര്യം ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് വിശദമായി അവർ അന്വേഷിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി നടന്ന പരീക്ഷണത്തിൽ തങ്ങളുടേതായ രീതിയിൽ അവർ സ്വന്തം ഡിജിറ്റൽ രൂപങ്ങളുണ്ടാക്കി സംസാരിക്കാൻ ശ്രമിച്ചു.

'സിന്തറ്റിക് പാസ്റ്റ്' എന്ന പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ഗവേഷണം. വീഡിയോകൾ, സന്ദേശങ്ങൾ, വോയിസ് നോട്ടുകൾ എന്നിവ അപ്‌ലോഡ് ചെയ്താണ് സ്വന്തമായി ഡിജിറ്റൽ രൂപങ്ങൾ നിർമ്മിച്ചത്. സ്വയം 'ഡിജിറ്റൽ രൂപം' ഉണ്ടാക്കിയ ശേഷം മരിച്ചവരുമായി സംസാരിക്കാൻ ശ്രമിക്കുന്ന ദുഃഖിതരെപ്പോലെയാണ് ഇവർ അഭിനയിച്ചത്.

ചില എഐ സംവിധാനങ്ങൾ ഓർമ്മകൾ സൂക്ഷിക്കാൻ സഹായിക്കുന്നവയാണ്. കുട്ടിക്കാലം, കുടുംബം പോലുള്ള പല വിഷയങ്ങളെക്കുറിച്ചുള്ള സ്വകാര്യ കഥകൾ ഇവ റെക്കാർഡ് ചെയ്ത് സൂക്ഷിക്കും. പിന്നീട് ആവശ്യമുള്ളപ്പോൾ ശേഖരത്തിൽ തിരഞ്ഞ് വിവരങ്ങൾ എളുപ്പത്തിൽ കണ്ടെത്താൻ എഐ സഹായിക്കും.

അതേസമയം സംഭാഷണത്തിനിടെ കൂടുതൽ വിവരങ്ങൾ ചോദിച്ചപ്പോൾ മുൻപ് എഴുതിവച്ച കാര്യങ്ങൾ തന്നെ വീണ്ടും വീണ്ടും എഐ ബോട്ടുകൾ ആവർത്തിച്ചുവെന്നാണ് കണ്ടെത്തിയത്. മരണത്തെക്കുറിച്ചോ ദുഃഖകരമായ കാര്യങ്ങളെക്കുറിച്ചോ സംസാരിക്കുമ്പോൾ പോലും, സന്തോഷം നിറഞ്ഞ ഇമോജികളോ വാക്കുകളോ ബോട്ട് ഉപയോഗിച്ചു. ഇതിൽ ദുഃഖകരമായ കാര്യം മനുഷ്യന്റെ വികാരങ്ങളെയും, നഷ്ടബോധത്തെയും മനസിലാക്കാനോ കൈകാര്യം ചെയ്യാനോ എഐ സംവിധാനങ്ങൾക്ക് കഴിവില്ലെന്ന് കൂടി ഓർമ്മിപ്പിക്കുന്നു.