ചെന്നൈയുടെ 'തലൈവർ' ആകാൻ സഞ്ജു, ജഡേജയും കറനും രാജസ്ഥാനിൽ മടങ്ങിയെത്തുമോ? ഉടൻ അറിയാം

Tuesday 11 November 2025 3:52 PM IST

ന്യൂഡൽഹി: ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ താരക്കൈമാറ്റമായിരിക്കും അടുത്ത 48 മണിക്കൂറിനുള്ളിൽ അന്തിമമാകുന്നത്. രാജസ്ഥാൻ റോയൽസിൽ നിന്ന് സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്‌സിലേക്ക് ചേക്കേറിയേക്കും. ഇതിന് പകരമായി ഓൾറൗണ്ടർമാരായ രവീന്ദ്ര ജഡേജയും സാം കറനും രാജസ്ഥാൻ റോയൽസിലേക്ക് എത്തുമെന്നാണ് റിപ്പോർട്ട്. മൂന്ന് താരങ്ങളും ട്രേഡിന് സമ്മതം അറിയിച്ചിട്ടുണ്ടെന്ന് ക്രിക്‌ബസ് റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ ഇന്നലെ വരെ താരകൈമാറ്റവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഇരു ടീമുകളും ബിസിസിഐയെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും സൂചനകളുണ്ട്. കൈമാറ്റത്തിൽ വിദേശതാരമായ സാം കറൻ ഉൾപ്പെട്ടിട്ടുള്ളതിനാൽ, നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) ആവശ്യമാണ്. ഇംഗ്ലണ്ട് ആന്റ് വെയിൽസ് ക്രിക്കറ്റ് ബോർഡാണ് (ഇസിബി) ഇത് നൽകേണ്ടത്.

2008 ഐപിഎല്ലിൽ ആദ്യ വിജയികളായ രാജസ്ഥാൻ റോയൽസിനായി 11 വർഷം സഞ്ജു കളിച്ചിട്ടുണ്ട്. ഈ വർഷത്തെ ഐപിഎൽ അവസാനിച്ചപ്പോൾ താൻ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും രാജസ്ഥാനിൽ നിന്ന് തന്നെ റിലീസ് ചെയ്യണമെന്നും സഞ്ജു തുറന്നു പറഞ്ഞിരുന്നു. അതേസമയം രവീന്ദ്ര ജഡേജ ആദ്യ രണ്ട് ഐപിഎൽ സീസണുകളിലും രാജസ്ഥാൻ റോയൽസിന്റെ ഭാഗമായിരുന്നു. എന്നാൽ തന്റെ ഐപിഎൽ കരിയറിന്റെ ഭൂരിഭാഗവും ചെലവഴിച്ചത് ചെന്നൈ സൂപ്പർ കിംഗ്‌സിലാണ്. ടീമിലെ മുൻനിര കളിക്കാരൻ എന്നതിലുപരി 2022 സീസണിൽ എം എസ് ധോണി ക്യാപ്ടൻ സ്ഥാനം ഒഴിഞ്ഞപ്പോൾ ജഡേജയെ നായകനാക്കുകയും ചെയ്തിരുന്നു. അതേസമയം 27കാരനായ ഇംഗ്ലീഷ് ഓൾറൗണ്ടർ സാം കറൻ മുമ്പ് സിഎസ്കെ, പഞ്ചാബ് കിംഗ്സ് എന്നീ ടീമുകൾക്കായും കളിച്ചിട്ടുണ്ട്.