അവധി അപേക്ഷയിൽ കള്ളത്തരം, ജീവനക്കാരനെ പിരിച്ചുവിട്ട് കമ്പനി; പിന്നാലെ യുവാവിന് കിട്ടുന്നത് ലക്ഷങ്ങൾ
ബീജിംഗ്: കള്ളത്തരം കൈയോടെ പൊക്കിയ യുവാവിനെ കമ്പനിയിൽ നിന്ന് പിരിച്ചുവിട്ട് അധികാരികൾ. കാൽ വേദനകാരണം ലീവെടുത്ത ജീവനക്കാരൻ അതേദിവസം 16,000 ചുവടുകൾ നടന്നുവെന്ന് കാട്ടിയാണ് യുവാവിനെ അപ്രതീക്ഷിതമായി പിരിച്ചുവിട്ടത്. പിന്നാലെ കോടതിയെ സമീപിച്ച യുവാവിന് കമ്പനി നൽകേണ്ടത് ലക്ഷങ്ങളാണ്. 2019ൽ കിഴക്കൻ ചൈനയിലെ ജിയാംഗ്സു പ്രവിശ്യയിലാണ് സംഭവം.
ചെൻ എന്ന യുവാവ് പുറംവേദനയെ തുടർന്ന് രണ്ടു തവണ അവധിക്ക് അപേക്ഷിച്ചിരുന്നു. ഒരു മാസത്തെ അവധിക്ക് ശേഷം ചെൻ ജോലിയിൽ പ്രവേശിച്ചു. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം വീണ്ടും ചെൻ അസുഖ അവധിക്ക് അപേക്ഷിച്ചു. ഇത്തവണ വലതുകാലിലെ വേദനയ്ക്കായിരുന്നു അവധി. ഒരാഴ്ചയ്ക്കെടുത്ത അവധി പിന്നീട് ദിവസങ്ങളോളം നീട്ടുകയും ചെയ്തു. തെറ്റായ കാര്യങ്ങൾ ചൂണ്ടികാട്ടിയാണ് അസുഖ അവധി എടുത്തതെന്ന് ആരോപിച്ച് കമ്പനി യുവാവിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. തുടർന്ന് യുവാവ് മെഡിക്കൽ രേഖകൾ കാണിച്ച് കമ്പനിക്കെതിരെ കേസ് ഫയൽ ചെയ്യുകയായിരുന്നു.
കേസിൽ കമ്പനി 18,779 യുവാൻ, ഏകദേശം 14.8 ലക്ഷം രൂപ നഷ്ടപരിഹാരം യുവാവിന് നൽകാൻ കോടതി ഉത്തരവിട്ടു. എന്നാൽ യുവാവിന് കാൽ വേദന ഉണ്ടായിരുന്നു എന്നത് വ്യാജമാണെന്നാണ് കമ്പനി ആരോപിക്കുന്നത്. അവധിക്ക് അപേക്ഷിക്കുന്ന ദിവസം ചെൻ 16000ത്തിലധികം ചുവടുകൾ നടന്നുവെന്നും ചെൻ ഓഫീസിൽ ഓടുന്ന ദൃശ്യങ്ങളും കമ്പനി കോടതിയെ കാണിച്ചു. ഇതൊന്നും സാധുവായ തെളിവല്ലെന്ന് ആരോപിച്ചാണ് കോടതി കമ്പനിയോട് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടിരിക്കുന്നത്.