ശബരിമല തീര്‍ത്ഥാടനം: അടിസ്ഥാന സൗകര്യമൊരുക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തുന്നു: അഡ്വ.എസ്. സുരേഷ്

Tuesday 11 November 2025 5:37 PM IST

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനം ആരംഭിക്കാന്‍ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോഴും തീര്‍ത്ഥാടകര്‍ക്കുള്ള അടിസ്ഥാന സൗകര്യമൊരുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ മനപ്പൂര്‍വ്വമായ വീഴ്ച വരുത്തിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ്.സുരേഷ്. സര്‍ക്കാരിന്റെ വീഴ്ചയും ഭക്തരോടുള്ള അവഹേളനവും കാരണം ഈ തീര്‍ത്ഥാടന കാലം ദുരിത കാലമായി മാറും. ശബരി മല തീര്‍ത്ഥാടനത്തെ ദുരിത തീര്‍ത്ഥാടനമാക്കിമാറ്റാനുള്ള സര്‍ക്കാരിന്റെ ശ്രമത്തെ ബിജെപി ശക്തമായി അപലപിക്കുന്നതായി സുരേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സര്‍ക്കാരിന് അയ്യപ്പന്റെ തിരുവാഭരണത്തിലും സ്വര്‍ണത്തിലുമാണ് കണ്ണ്. ശബരിമലയിലെ ആചാരങ്ങളിലോ അനുഷ്ഠാനങ്ങളിലോ അവിടെയെത്തുന്ന കോടാനുകോടി വിശ്വാസികള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യമൊരുക്കുന്നതിലോ പിണറായി സര്‍ക്കാരിന് യാതൊരു താല്‍പര്യവുമില്ല. ശബരിമലയോടും ക്ഷേത്രങ്ങളോടും കഴിഞ്ഞ മൂന്ന് ദശാബ്ദക്കാലമായി ഇരുമുന്നണികളും വച്ചുപുലര്‍ത്തുന്ന ഇരട്ടത്താപ്പ്, നടത്തിയ കൊളളകള്‍, ഇടപെടലുകള്‍, ക്ഷേത്രങ്ങള്‍ നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ എന്നിവ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനായി ഒപ്പുശേഖരണം നടത്തുമെന്നും സുരേഷ് പറഞ്ഞു.

രാജ്യത്തെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയെ ഭക്തരോടും ക്ഷേത്രങ്ങളോടും വിശ്വാസമില്ലാത ഇടത് സര്‍ക്കാരുകളും തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്ന വലത് സര്‍ക്കാരുകളും എക്കാലത്തും നശിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തിയിട്ടുള്ളത്. ഭക്തരുടെ ഉത്കണ്ഠ കേന്ദ്ര സര്‍ക്കാരിനെ ധരിപ്പിക്കാന്‍ ഈ തീര്‍ത്ഥാടന കാലത്ത് ശബരിമല തീര്‍ത്ഥാടകരില്‍ നിന്ന് ഒരുകോടി ഒപ്പു ശേഖരിച്ച് പ്രധാന മന്ത്രിക്ക് സമര്‍പ്പിക്കും. ഒപ്പുശേഖരണത്തിന്റെ ഉത്ഘാടനം വൃശ്ചികം ഒന്നിന് നടത്തും.

പിണറായി സര്‍ക്കാര്‍ ശബരിമലയില്‍ നടത്തിയ കൊള്ളയെ മൂടിവയ്ക്കാന്‍ മുന്നില്‍ നിര്‍ത്തിയിരിക്കുന്ന മനുഷ്യമറയാണ് താനെന്ന് പുതിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍ മനസ്സിലാക്കണമെന്നും എസ്.സുരേഷ് പറഞ്ഞു. വയസ്സുകാലത്ത് ജയിലിലകപ്പെട്ട് പോകാതിരിക്കാനുള്ള ശ്രദ്ധ ജയകുമാര്‍ കാട്ടണമെന്നും അദ്ദേഹം പറഞ്ഞു.

വാസു എന്നാല്‍ പിണറായി തന്നെയാണ്. അതിനാല്‍ വാസുവിനെ മാത്രമല്ല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് എല്ലാവരെയും അറസ്റ്റ് ചെയ്ത് നിയമനടപടിക്ക് വിധേയമാക്കുക എന്നതാണ് ബിജെപിയുടെ ആവശ്യം. എസ്‌ഐടി അന്വേഷണത്തില്‍ അതിന് സാധിക്കുമോ എന്ന് സംശയമുണ്ട്. അതിനാലാണ് കേന്ദ്ര ഏജന്‍സികള്‍ അന്വേക്ഷിക്കണമെന്ന് ബിജെപി ആവശ്യപ്പെടുന്നത്. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സോമനും വാര്‍ത്താമ്മേളനത്തില്‍ പങ്കെടുത്തു.