'ഡോക്ടര്‍ക്ക് നേരെയുണ്ടായ ആക്രമണം, ആരോഗ്യരംഗത്തെ സുരക്ഷാവീഴ്ച്ച ആശങ്കാജനകം'

Tuesday 11 November 2025 6:39 PM IST

വയനാട്: പുല്‍പ്പള്ളി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ക്ക് നേരെയുണ്ടായ കിരാതമായ ആക്രമണത്തില്‍ കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ (KGMOA) ശക്തമായി പ്രതിഷേധിക്കുന്നു. ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ വരുത്തുന്ന തുടര്‍ച്ചയായ വീഴ്ചകളില്‍ സംഘടന അതീവമായ ആശങ്ക രേഖപ്പെടുത്തുന്നു.

രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ സംസ്ഥാനത്ത് ആവര്‍ത്തിച്ചുണ്ടാകുന്ന ഇത്തരം ആക്രമണങ്ങള്‍ ആരോഗ്യരംഗത്തെ സുരക്ഷാ ക്രമീകരണങ്ങള്‍ എത്രത്തോളം ദുര്‍ബലമാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നു. അടുത്തിടെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ നടന്ന സമാനമായ ആക്രമണത്തിന്റെ ഞെട്ടല്‍ മാറും മുന്‍പേ പുല്പള്ളിയില്‍ വീണ്ടും അതിക്രമം സംഭവിച്ചത് ആരോഗ്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടതിന്റെ അടിയന്തിരപ്രാധാന്യം വ്യക്തമാക്കുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ KGMOA ആരംഭിച്ച 'ജീവന്‍ രക്ഷാ സമരം' അത്യന്തം പ്രസക്തവും അനിവാര്യവുമാണെന്ന് ഈ സംഭവങ്ങള്‍ തെളിയിക്കുന്നു.

ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തവും മാതൃകാപരവുമായ നിയമനടപടികള്‍ ഉറപ്പാക്കുന്നതിനൊപ്പം ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും സുരക്ഷ ഉറപ്പാക്കുന്നതിന് ശക്തമായ നടപടികള്‍ സര്‍ക്കാര്‍ ഉടന്‍ സ്വീകരിക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ട് സംഘടനയുടെ നേതൃത്വത്തില്‍ വയനാട് ജില്ലയില്‍ പ്രതിഷേധയോഗവും ജാഥയും സംഘടിപ്പിച്ചു.

ആശുപത്രികളിലെ സുരക്ഷാ സംവിധാനങ്ങള്‍ കുറ്റമറ്റമാക്കുന്നതിന്റെ ഭാഗമായി സംഘടന ഉന്നയിച്ച ആവശ്യങ്ങളില്‍ അടിയന്തര പരിഹാരം ഉണ്ടാകണം എന്ന് സംഘടന ശക്തമായി ആവശ്യപ്പെടുന്നു .ആവശ്യങ്ങള്‍ സമയബന്ധിതമായി പരിഹരിക്കപ്പെട്ടില്ലെങ്കില്‍ കൂടുതല്‍ ശക്തമായ സമര മാര്‍ഗ്ഗങ്ങളിലേക്ക് കടക്കേണ്ടി വരും എന്ന് സംഘടന മുന്നറിയിപ്പ് നല്‍കുന്നു.