മകൾക്കായി അച്ഛന്റെ ചുവരെഴുത്ത്

Wednesday 12 November 2025 1:26 AM IST

മലയിൻകീഴ്: ഇലക്ഷനായാൽ ചെറുതേരി നയനത്തിൽ രാജൻ (64) എപ്പോഴും തിരക്കിലാകും. എന്നാൽ ഇക്കുറി തിരക്കിനും ഒരു ത്രില്ലുണ്ട്. ഇലക്ഷൻ പ്രചാരണത്തിനായി ചുവരെഴുതുന്നത് സ്വന്തം മകൾ സൗമ്യയ്ക്കുവേണ്ടിയാണ്. വിളപ്പിൽ പഞ്ചായത്തിലെ വിളപ്പിൽശാല വാർഡിൽ ബി.ജെ.പി സ്ഥാനാർത്ഥിയാണ് രാജന്റെ മകൾ പി.സൗമ്യ.

കഴിഞ്ഞ 50 വർഷമായി പെയിന്റിലും ഫ്ലൂറസെന്റിൽ ഛായക്കൂട്ടൊരുക്കി വരച്ചും എഴുതിയും ഉപജീവനം നടത്തുന്ന കലാകാരനാണ് രാജനെന്ന 'നയനം രാജൻ'. തിരഞ്ഞെടുപ്പ് അടുക്കുപ്പോൾ രാജന് ചാകരക്കാലമാണ്. വിശ്വസിക്കുന്ന പാർട്ടിക്ക് മാത്രമല്ല, നാട്ടിലും സമീപപ്രദേശത്തും കക്ഷിഭേദമില്ലാതെ എല്ലാ സ്ഥാനാർത്ഥികൾക്കുവേണ്ടിയും രാജൻ ചുവരെഴുതും. എന്നാൽ ഇക്കുറി മകൾക്കുവേണ്ടി മാത്രമാണ് ഛായക്കൂട്ടൊരുക്കുന്നത്.

മകൾക്കുവേണ്ടി ചുവരെഴുതാൻ സാധിച്ചത് ഭാഗ്യമായിട്ടാണ് രാജൻ വിശ്വസിക്കുന്നത്.

അച്ഛൻ എഴുതിയ ചുവരിലെ പേരും ചിഹ്നവും കണ്ട് ആസ്വദിച്ചാണ് സൗമ്യ കഴിഞ്ഞ ദിവസം വോട്ട് തേടി വാർഡിലിറങ്ങിയത്.രാജന്റെ പതിനാലാം വയസിൽ ആരംഭിച്ചതാണ് ചുവരെഴുത്തും പരസ്യബോർഡെഴുത്തും.

വിളപ്പിൽശാല വാർഡിൽ ബി.ജെ.പി ബുക്ക് ചെയ്തിരുന്ന ഇടങ്ങളിലെല്ലാം മകൾക്കായി രാജന്റെ ചുവരെഴുത്ത് അന്തിമഘട്ടത്തിലാണ്.