കണ്ണൂർ കോർപറേഷനിൽ എൽ.ഡി.എഫ് മുഖ്യ ആയുധം മലിനജല ശുദ്ധീകരണ പ്ളാന്റ് അഴിമതി

Tuesday 11 November 2025 9:22 PM IST

കണ്ണൂർ: കോർപ്പറേഷനിലെ മരക്കാർകണ്ടി മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ ടെൻഡർ റദ്ദാക്കിയ നടപടി യു.ഡി.എഫിനെതിരായ മുഖ്യ പ്രചരണ ആയുധമാക്കാൻ എൽ.ഡി.എഫ്. പദ്ധതിയുമായി ബന്ധപ്പെട്ട് കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിലിനെതിരെ കോടികളുടെ അഴിമതി ആരോപണമാണ് എൽ.ഡി.എഫ് ഉന്നയിക്കുന്നത്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി മലിന ജല ശുദ്ധീകരണ പ്ലാന്റിന്റെ നിർമ്മാണം ഒരു കമ്പനിക്ക് ടെൻഡർ നടപടി അട്ടിമറിച്ചുനൽകിയെന്നും 40 കോടിയുടെ ടെൻഡർ പിന്നീട് 140 കോടി ആയി മാറിയെന്നുമായിരുന്നു എൽ.ഡി.എഫ് ആരോപണം. ഇതു സംബന്ധിച്ച് പോസ്റ്റർ, നവമാദ്ധ്യമ റീൽസ് തുടങ്ങിയവയുമായി അടുത്ത ദിവസം മുതൽ എൽ.ഡി.എഫ്. പ്രചാരണത്തിനിറങ്ങും. കഴിഞ്ഞ ദിവസം നടപടികൾ സുതാര്യമല്ലെന്ന് ചൂണ്ടിക്കാട്ടി അമൃത് പദ്ധതി ഉന്നതാധികാര സ്റ്റിയറിംഗ് കമ്മിറ്റി പദ്ധതിയുടെ ടെൻഡർ റദ്ദാക്കിയിരുന്നു. ടെൻഡറുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പാലിക്കപ്പെട്ടിട്ടില്ലെന്നും പദ്ധതിയുമായി മുന്നോട്ടുപോയാൽ അധിക ചിലവ് ഉണ്ടാകുമെന്നുമാണ് കമ്മിറ്റി ഉത്തരവിൽ പറയുന്നത്.