റോഡിൽ ചിതറി വീണത് 5 ലക്ഷം; സുരക്ഷിത കരങ്ങളിൽ ഏൽപ്പിച്ച് സ്വകാര്യ ബസ് ഡ്രൈവറും കണ്ടക്ടറും

Wednesday 12 November 2025 1:34 AM IST

കൊച്ചി: പതിവുപോലെ രാവിലെ ചിറ്റൂരിൽ നിന്ന് പെരുമ്പടപ്പിലേക്കുള്ള ട്രിപ്പിലായിരുന്നു കുമ്പളങ്ങി-ചിറ്റൂർ ക്ഷേത്രം പാതയിലോടുന്ന സജിമോൻ ബസ്. അപകടമുണ്ടാകാതെ റോഡിലേക്ക് കണ്ണുംനട്ട് ബസ് ഓടിക്കുകയായിരുന്ന ഡ്രൈവർ പെരുമ്പടപ്പ് സ്വദേശി ജോയി. എറണാകുളം അറ്റ്ലാന്റിസ് ബസ് സ്റ്റോപ്പ് എത്താറായപ്പോഴാണ് ആ കാഴ്ച കണ്ടത്. തൊട്ടുമുന്നിൽ പോയ ബൈക്ക് യാത്രക്കാരന്റെ ചുമലിൽ കിടന്ന ബാഗിൽ നിന്ന് കെട്ടുകൾ തെറിച്ചുവീഴുന്നു. സൂക്ഷ്മനോട്ടത്തിൽ അത് നോട്ടുകെട്ടുകളാണെന്ന് മനസ്സിലാക്കിയ ജോയി ബസ് ചവിട്ടി നിറുത്തി. ഏതാനും മീറ്ററുകൾ നീങ്ങി ബസ് നിന്നയുടൻ കണ്ടക്ടർ എഴുപുന്ന സ്വദേശി ആന്റണി ചാടിയിറങ്ങി നോക്കി. പക്ഷേ,​ ബസിനടിയിലായിരുന്നു പണം. വീണ്ടും ബസ് പിറകോട്ടെടുത്തു. അറ്റ്ലാന്റിസ് സ്റ്റോപ്പിൽ നിന്ന യാത്രക്കാരി പണമെടുത്ത് ജോയിക്ക് കൈമാറി.

നോട്ടുകെട്ടുകൾ കൈയിൽ വന്ന ജോയിയും ആന്റണിയും ഒരുനിമിഷം അന്ധാളിച്ചു. പക്ഷേ,​ ട്രിപ്പ് മുടക്കാതെ മുന്നോട്ടുപോകാൻ തീരുമാനിച്ചു. തേവര ജി.എസ്.ടി ഓഫീസിന് മുന്നിൽ പരിഭ്രാന്തനായി ബൈക്കുമായി നിൽക്കുന്ന യുവാവിനെ കണ്ടു. പണം നഷ്ടമായ വെപ്രാളത്തിലായിരുന്നു പള്ളുരുത്തിയിലെ ജുവല്ലറിയിൽ ജീവനക്കാരനായ റിൽവാൻ. ബാഗിന്റെ സിബ്ബ് പൊട്ടി പണം റോഡിലേക്ക് വീഴുന്നത് ബൈക്കോടിച്ച റിൽവാൻ അറിഞ്ഞിരുന്നില്ല. ഒടുവിൽ റിൽവാനെയും കൂട്ടി കണ്ടക്ടർ ആന്റണി എറണാകുളം ടൗൺ സൗത്ത് സ്റ്റേഷനിലെത്തി എസ്.ഐ ശ്രീജിത്തിന് പണം കൈമാറി. ജോയി ട്രിപ്പുമായി മുന്നോട്ടും.

പിന്നീട് ജുവലറി ഉടമ ഷിഫാസിനെ വിളിച്ചു വരുത്തി 5 ലക്ഷം രൂപ സൗത്ത് പൊലീസ് കൈമാറി. കലൂരിലെ ജുവലറിയുടെ ശാഖയിൽ നിന്ന് കഴിഞ്ഞദിവസത്തെ കളക്ഷൻ തുകയുമായി പള്ളുരുത്തിയിലേക്ക് ജീവനക്കാരൻ പോകുമ്പോഴാണ് പണം നഷ്ടമായതെന്ന് ഷിഫാസ് പറഞ്ഞു. തിരിച്ചേൽപ്പിച്ച ജോയിയെയും ആന്റണിയെയും ഇന്നലെ നേരിൽ കാണാനായില്ലെങ്കിലും ആ നല്ല മനസുകൾക്ക് നന്ദിയുണ്ടെന്നും ഷിഫാസ് പറഞ്ഞു.