ബിജെപി ലിസ്റ്റ് നീളം!

Wednesday 12 November 2025 12:36 AM IST

തൃശൂർ: ബി.ജെ.പിയുടെ കോർപറേഷൻ സ്ഥാനാർത്ഥി ലിസ്റ്റ് നീളാൻ സാദ്ധ്യത. സിറ്റിംഗ് സീറ്റുകളിൽ പോലും ഒന്നിലധികം പേരുടെ പേരുകൾ ഉയർന്നതോടെ ചർച്ച തുടരുകയാണ്. കാലങ്ങളായി ജയിച്ചുവരുന്ന പൂങ്കുന്നം ഡിവിഷനിൽ മണ്ഡലം പ്രസിഡന്റായ രഘുനാഥ് സി.മേനോന്റെ പേരിനാണ് പ്രഥമ പരിഗണനയെങ്കിലും മറ്റു ചിലർ അവകാശവാദം ഉന്നയിച്ചതായി അറിയുന്നു. തേക്കിൻക്കാട് ഡിവിഷനിൽ സിറ്റിംഗ് കൗൺസിലർ പൂർണിമ സുരേഷിന്റെ പേരിന് പുറമെ മുൻ കൗൺസിലർ എം.എസ്.സമ്പൂർണയുടെ പേര് ഉയരുന്നുണ്ട്. പുതുതായി രൂപീകരിച്ച തിരുവമ്പാടി ഡിവിഷനിലും ഒന്നിലധികം പേർ അവകാശവാദം ഉന്നയിച്ചതായി അറിയുന്നു. അയ്യന്തോൾ, കോട്ടപ്പുറം, കൊക്കാലെ, പാട്ടുരായ്ക്കൽ എന്നിവയാണ് സിറ്റിംഗ് സീറ്റുകൾ. ഇതിൽ കൊക്കാലെ ഒഴികെ മറ്റു ഡിവിഷനുകളെല്ലാം ജനറൽ സീറ്റുകളാണ്. ഇത്തവണ കോർപറേഷനിൽ ഭരണം പിടിക്കുമെന്ന അവകാശവാദമാണ് ബി.ജെ.പി ഉയർത്തുന്നത്.