കേവിൽ നിന്ന് ഗോദയിലേക്ക്
കളമശേരി: മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ റിയൽ സ്റ്റോറിയിലെ മഞ്ഞുമ്മൽ മാടപ്പറമ്പ് പരപ്പത്ത് വീട്ടിൽ സുഭാഷ് ചന്ദ്രൻ തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങി. യു.ഡി.എഫ് സ്ഥാനാർത്ഥിയായി വാർഡ് 27 ലാണ് മത്സരം. കഴിഞ്ഞ 10 വർഷമായി ബി.ജെ.പി കൗൺസിലറായി തുടരുന്ന എസ്.ഷാജി, എൽ.ഡി.എഫ് മുൻ കൗൺസിലർ മഞ്ജു എം. മേനോൻ എന്നീ കരുത്തരോടാണ് ഏറ്റുമുട്ടുന്നത്. തിരഞ്ഞെടുപ്പ് പ്രവർത്തനം തുടങ്ങി കഴിഞ്ഞു.
അച്ഛൻ ചന്ദ്രനും അമ്മ രത്നമ്മയും ഐ.എൻ.ടി.യു.സി അംഗങ്ങളും തൊഴിലാളികളുമായിരുന്നു. രാഷ്ട്രീയ പശ്ചാത്തലമുള്ള കുടുംബമാണ്.
വിവിധ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്ന മുപ്പതോളം പേരടങ്ങുന്ന സൗഹൃദ കൂട്ടായ്മയുണ്ട്. അതിൽ 11 പേരാണ് 2006ൽ കൊടൈക്കനാലിൽ ടൂർ പോയത്. അനിൽ ജോസഫ്, സിജു ഡേവിഡ്, സിജു ജോൺ, നിക്സൺ ജോൺ, ജിൻസൺ ആന്റണി, സുജിത്, അഭിലാഷ്, പ്രസാദ്, കൃഷ്ണകുമാർ, സുധീഷ് കുമാർ എന്നിവരായിരുന്നു സുഭാഷിനൊപ്പമുണ്ടായിരുന്നത്.
ഗുണ കേവിലേക്ക് കാൽ തെറ്റി നിലം പതിച്ചസുഭാഷ് ചന്ദ്രന് സിജു ഡേവിഡാണ് ജീവൻ പണയം വെച്ച് രക്ഷകനായത്. അന്നത്തെ അപകട ശേഷം ശാരീരികാധ്വാനമുള്ള ജോലികൾ ചെയ്യാൻ ബുദ്ധിമുട്ടാണ്. ഇപ്പോൾ വെൽഡിംഗ് ജോലിക്ക് പോകുന്നു. സുഹൃത്തുക്കളെല്ലാം സമീപപ്രദേശങ്ങളിലാണ് താമസം.
ഗുണ ഗുഹയിലെ രക്ഷകരായ സുഹൃത്തുക്കൾ സുഭാഷിന്റെ വിജയത്തിന് വേണ്ടി രംഗത്തിറങ്ങും. ഇതിനായി അനിൽ ജോസഫ് ഖത്തറിൽ നിന്ന് അവധി എടുത്ത് നാട്ടിലെത്തിയിട്ടുണ്ട്. സിനിമയിൽ സുഭാഷിന്റെ വേഷം ശ്രീനാഥ് ഭാസിയും, സിജു ഡേവിഡിന്റേത് സൗബിനുമായിരുന്നു.
മഞ്ഞുമ്മൽ ബോയ്സ് സിനിമ തങ്ങളുടെ കഥ പറഞ്ഞ് അറിയപ്പെട്ടതു കൊണ്ടല്ല സീറ്റു തന്നത്. അടിയുറച്ച കോൺഗ്രസ് പ്രവർത്തകനാണ്. സുഹൃത്തുക്കളുടെ പിന്തുണയുണ്ട്
സുഭാഷ്