ഡോ.ജോറിസ് ആർച്ചറി ഏഷ്യൻ കമ്മറ്റി അംഗം
Tuesday 11 November 2025 11:01 PM IST
തിരുവനന്തപുരം : ആർച്ചറി അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ട്രഷററും മലയാളിയുമായ ഡോ. ജോറിസ് പൗലോസ് ഉമ്മച്ചേരിൽ ഏഷ്യൻ അമ്പെയ്ത്ത് സംഘടനയായ ആർച്ചറി ഏഷ്യയുടെ റൂൾസ് ആൻഡ് കോൺസ്റ്റിറ്റ്യൂഷൻ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഈ സ്ഥാനത്ത് എത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് എറണാകുളം പെരുമ്പാവൂർ സ്വദേശിയായ ഡോ. ജോറിസ് . കേരള സംസ്ഥാന ആർച്ചറി അസോസിയേഷന്റെ മുൻ സെക്രട്ടറി ആയ ഡോ. ജോറിസ് അന്തരാഷ്ട്ര ടെക്നിക്കൽ ഒഫീഷ്യൽ കൂടിയാണ്. ലോക കപ്പുകൾ, ലോക ചാമ്പ്യൻഷിപ്പുകൾ, കോമൺവെൽത്ത് ഗെയിംസ് ഉൾപ്പെടെ നിരവധി അന്തരാഷ്ട്ര മത്സരങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്. നിലവിൽ അമ്പെയ്ത്തിന്റെ ലോക സംഘടനയായ വേൾഡ് ആർച്ചറിയുടെ മെഡിക്കൽ ആൻഡ് സ്പോർട്സ് സയൻസ് കമ്മിറ്റി മെമ്പറായ ഡോ ജോറിസ് ആർച്ചറി അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സെലക്ഷൻ കമ്മിറ്റി കൺവീനർ കൂടിയാണ്.