കേശവൻ നായർക്ക് അന്ത്യാഞ്ജലി

Tuesday 11 November 2025 11:02 PM IST

തിരുവനന്തപുരം: കഴിഞ്ഞദിവസം നിര്യാതനായ മുൻ ദേശീയ നീന്തൽ താരവും ദേശീയ നീന്തൽ പരിശീലകനുമായിരുന്ന എൻ. കേശവൻ നായർക്ക് കായിക കേരളത്തിന്റെ അന്ത്യാഞ്ജലി.

പിരപ്പൻകോട് പുന്നപുരം കുടുംബാംഗമായിരുന്ന ഇദ്ദേഹം പിരപ്പൻകോടുനിന്ന് നിരവധി നീന്തൽ താരങ്ങളെ സൃഷ്ടിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. പിരപ്പൻകോട് ഡോൾഫിൻ ക്ലബ്‌ പ്രസിഡന്റുമായിരുന്നു. ഫാക്ടിലെ ഉദ്യോഗസ്ഥനായിരുന്ന കേശവൻ നായർ പിന്നീട് സംസ്ഥാന സ്പോർട്സ് കൗൺസിൽ സ്പോർട്സ് ഡെവലപ്പ്മെന്റ് ഓഫീസറായി സേവനമനുഷ്ഠിച്ചു. കേരള ടീമിന്റേയും ഇന്ത്യൻ ടീമിന്റെയും പരിശീലകനായി നിരവധി ദേശീയ അന്തർ ദേശീയ നീന്തൽ താരങ്ങളെ വളർത്തിയെടുക്കുന്നതിൽ പ്രധാനപങ്കുവഹിച്ചു. തിരുവനന്തപുരം ജില്ലാ അക്വാട്ടിക് അസോസിയേഷന്റെ രക്ഷാധികാരിയുമായിരുന്നു.

89 -ാം വയസിൽ തിരുവനന്തപുരത്ത് കുണ്ടമൻകടവിലെ കോവിൽ വിളാകത്ത് വീട്ടിൽ വച്ചായിരുന്നു മരണം. കായികരംഗത്തെ പ്രമുഖർ അന്ത്യോപചാരമർപ്പിച്ചു. ഇന്നലെ വൈകിട്ട് തൈക്കാട് ശാന്തികവാടത്തിൽ സംസ്കാരം നടന്നു.