കോമൺവെൽത്ത് ഗെയിംസ് ദീപശിഖ ഡൽഹിയിലെത്തി
Tuesday 11 November 2025 11:04 PM IST
ന്യൂഡൽഹി : 2026ൽ ഗ്ളാസ്ഗോയിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിന്റെ ദീപശിഖാ പ്രയാണം ഇന്ത്യയിലെത്തി. ഇന്നലെയെത്തിയ കിംഗ്സ് ബാറ്റൺ റിലേയെ കേന്ദ്ര കായികമന്ത്രി മൻസൂഖ് മാണ്ഡവ്യ,ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റും രാജ്യസഭാ എം.പിയുമായ പി.ടി ഉഷ, ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ ലിൻഡി കാമെറോൺ എന്നിവർ ചേർന്ന് സ്വീകരിച്ചു. കോമൺവെൽത്ത് ഗെയിംസിൽ നിരവധി മെഡലുകൾ നേടിയിട്ടുള്ള കായിക താരങ്ങളായ യോഗേശ്വർ ദത്ത്, അചാന്ത ശരത്കമൽ, ഗഗൻ നാരംഗ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
രണ്ട് ദിവസം ഡൽഹിയിലുള്ള ദീപശിഖ ഈമാസം 14ന് അഹമ്മദാബാദിലേക്ക് കൊണ്ടുപോകും. അവിടെ ഗംഭീര സ്വീകരണ പരിപാടികൾ ഉണ്ടാകും. 2030ലെ കോമൺവെൽത്ത് ഗെയിംസ് വേദിക്കായി അഹമ്മദാബാദ് തയ്യാറെടുക്കുകയാണ്. ഈ മാസം 17വരെ അഹമ്മദാബാദിൽ ദീപശിഖ ഉണ്ടാകും.