വയനാട്ടിൽ വരും 629 ജനപ്രതിനിധികൾ

Wednesday 12 November 2025 12:08 AM IST
തിരഞ്ഞെടുപ്പിൽ വയനാട്ടിൽ

കൽപ്പറ്റ: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വയനാട്ടിൽ അധികാരത്തിലെത്തുക 629 ജനപ്രതിനിധികൾ. 23 ഗ്രാമപഞ്ചായത്തുകൾ, മൂന്ന് നഗരസഭകൾ,നാല് ബ്ളോക്ക് പഞ്ചായത്തുകൾ, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിൽ നിന്നാണ് 629 ജനപ്രതിനിധികൾ തിരഞ്ഞെടുക്കപ്പെടുക. വയനാട്ടിലെ 23 ഗ്രാമപഞ്ചായത്തുകളിൽ 450 വാർഡുകളിലാണ് മത്സരം. കൽപ്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി നഗരസഭകളിലായി 103 സീറ്റുകളുണ്ട്. ഏറ്റവും കൂടുതൽ ഡിവിഷനുകൾ ഉളളത് മാനന്തവാടിയിലാണ്.37. സുൽത്താൻ ബത്തേരിയിൽ 36, കൽപ്പറ്റയിൽ 30 എന്നിങ്ങനെയാണ് സീറ്റുകൾ. കൽപ്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി, പനമരം എന്നിവയാണ് ബ്ളോക്ക് പഞ്ചായത്തുകൾ. ഇതിലെല്ലാം കൂടി 59 ഡിവിഷനുകളുണ്ട്. കൽപ്പറ്റയിൽ 16, പനമരം 15,സുൽത്താൻ ബത്തേരി , മാനന്തവാടി ബ്ളോക്കുകളിൽ 14 സീറ്റിലും സ്ഥാനാർത്ഥികൾ വേണം. വയനാട് ജില്ലാ പഞ്ചായത്തിൽ നേരത്തെ 16 സീറ്റായിരുന്നു. അതിപ്പോൾ 17 ആയി.

23 ഗ്രാമപഞ്ചായത്തുകളിൽ 11 എണ്ണത്തിൽ സ്ത്രീകൾ അദ്ധ്യക്ഷയായി വരും. തിരുനെല്ലി, നൂൽപ്പുഴ പഞ്ചായത്തുകളിൽ പട്ടിക വർഗ സ്ത്രീകൾ പ്രസിഡന്റ് പദവിയിലെത്തും. ജില്ലാ പഞ്ചായത്തും സുൽത്താൻ ബത്തേരി നഗരസഭയും മാനന്തവാടി, സുൽത്താൻ ബത്തേരി ബ്ളോക്ക് പഞ്ചായത്തും സ്ത്രീകൾ ഭരണം നിയന്ത്രിക്കും. വൈത്തിരി, മുപ്പൈനാട്, പനമരം പഞ്ചായത്തുകളിൽ പ്രസിഡന്റ് സ്ഥാനം പട്ടിക വർഗക്കാർക്കാണ്. മുട്ടിൽ ഗ്രാമപഞ്ചായത്തിൽ പട്ടിക ജാതിക്കാണ് പ്രസിഡന്റ് സ്ഥാനം. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വയനാട്ടിൽ യു.ഡി.എഫിനാണ് മുൻതൂക്കം. എട്ട് വീതം സീറ്റുകൾ നേടിയപ്പോൾ ജില്ലാ പഞ്ചായത്തിലേക്ക് നറുക്കെടുപ്പ് വേണ്ടി വന്നു. ഭാഗ്യം യു.ഡി.എഫിനെ തുണച്ചു.