മ്യൂച്വൽ ഫണ്ടുകളിലേക്ക് പണമൊഴുക്ക് കുറയുന്നു

Wednesday 12 November 2025 12:11 AM IST

കൊച്ചി: വിപണിയിലെ അനിശ്ചിതത്വം രാജ്യത്തെ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. അസോസിയേഷൻ ഒഫ് മ്യൂച്വൽ ഫണ്ട്‌സ് ഇൻ ഇന്ത്യയുടെ(എ.എം.എഫ്.ഐ) കണക്കുകളനുസരിച്ച് ഒക്ടോബറിൽ ഓഹരി അധിഷ്‌ഠിത മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപം 19 ശതമാനം ഇടിവോടെ 24,690 കോടി രൂപയിലെത്തി. സെപ്തംബറിൽ മ്യൂച്വൽ ഫണ്ടുകളിൽ 30,422 കോടി രൂപയാണ് നിക്ഷേപകർ മുടക്കിയത്. മ്യൂച്വൽ ഫണ്ടുകളുടെ കീഴിലുള്ള ആസ്തി(എ.എം.യു) കഴിഞ്ഞ മാസം 79.87 ലക്ഷം കോടി രൂപയായി ഉയർന്നു. ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളുടെ മൊത്തം ആസ്തി 35.16 ലക്ഷം കോടി രൂപയാണ്.

എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലേക്ക് ഒക്ടോബറിൽ 7,743 കോടി രൂപയാണ് ലഭിച്ചത്. ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം മ്യൂച്വൽ ഫണ്ടുകളിൽ ഉയരുകയാണ്. മൊത്തം നിക്ഷേപ അക്കൗണ്ടുകളുടെ എണ്ണം 25.6 കോടിയായി ഉയർന്നു. കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടുകളിലാണ് നിക്ഷേപകർക്ക് പ്രിയമേറുന്നത്.