വിദേശ നിക്ഷേപകർക്കായി എൻ.എസ്.ഡി.എൽ പോർട്ടൽ

Wednesday 12 November 2025 12:11 AM IST

കൊച്ചി: നാഷണൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡ് (എൻ.എസ്.ഡി.എൽ) വിദേശ ധനകാര്യ നിക്ഷേപകർക്കും വിദേശ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടുകൾക്കുമായി പുതിയ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം പുറത്തിറക്കി. ഇന്ത്യൻ സെക്യൂരിറ്റീസ് വിപണിയിൽ പണം മുടക്കുന്ന വിദേശ നിക്ഷേപകരുടെ നടപടികൾ ലളിതമാക്കുകയാണ് ലക്ഷ്യം. സെബി എക്‌സിക്യുട്ടീവ് ഡയറക്ടർ ഡോ. രുചി ചോജർ നവീകരിച്ച പോർട്ടൽ ഉദ്ഘാടനം ചെയ്തു. വിദേശ ഓഹരി നിക്ഷേപകർക്കും വെഞ്ച്വർ ക്യാപിറ്റൽ നിക്ഷേപകർക്കും രജിസ്‌ട്രേഷൻ, അനുമതികൾ, ഓഡിറ്റ് ട്രയലുകൾ, പാലിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾക്കായി ഈ ഏകജാലക സംവിധാനം ഉപയോഗിക്കാം. പാൻ കാർഡ് അപേക്ഷകൾ ഒരു ദിവസത്തിനുള്ളിൽ പൂർത്തിയാക്കാൻ സഹായിക്കുന്ന എ.പി.ഐ ഇന്റഗ്രേഷനും പുതിയ പോർട്ടലിന്റെ പ്രധാന സവിശേഷതയാണ്. കാര്യക്ഷമവും ലോകോത്തര നിലവാരമുള്ളതുമായ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ വിദേശ നിക്ഷേപകർക്ക് ഉറപ്പാക്കാനുള്ള എൻ.എസ്.ഡി.എല്ലിന്റെ പ്രതിബദ്ധതയാണിതെന്ന് മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ വിജയ് ചന്ദോക് പറഞ്ഞു.