പറന്നുയർന്ന് സ്വർണ വില
സ്വർണം വാങ്ങിക്കൂട്ടി ആഗോള ഫണ്ടുകൾ
കൊച്ചി: രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിൽ സ്വർണ വില കുതിച്ചുയർന്നു. ഇന്നലെ രാവിലെ പവന് 1,800 രൂപ ഉയർന്നെങ്കിലും ഉച്ചയ്ക്ക് ശേഷം നേരിയ വിലയിടിവുണ്ടായി. അമേരിക്കയിൽ പലിശ കുറയാനുള്ള സാദ്ധ്യതയാണ് നിക്ഷേപകരെ സ്വർണത്തിലേക്ക് ആകർഷിച്ചത്. . അമേരിക്കയിലെ സർക്കാർ ഷട്ട്‌ഡൗൺ അവസാനിച്ച് സാമ്പത്തിക സ്ഥിതി വിവരക്കണക്കുകൾ പുറത്തുവരുന്നതോടെ പലിശ കുറയ്ക്കാൻ ഫെഡറൽ റിസർവ് നിർബന്ധിതരായേക്കും. ഇതോടെ ഡോളർ ദുർബലമായതിനാൽ നിക്ഷേപകർ സ്വർണത്തിലേക്ക് നീങ്ങി. ഇന്നലെ രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന്(31.1 ഗ്രാം) 40 ഡോളർ വർദ്ധിച്ച് മൂന്ന് ആഴ്ചയ്ക്കിടെയിലെ ഏറ്റവും ഉയർന്ന തലമായ 4,140 ഡോളറിലെത്തി.
കേരളത്തിൽ ഇന്നലെ രാവിലെ പവൻ വില രാവിലെ 1,800 രൂപ ഉയർന്ന് 92,600 രൂപയിലെത്തി. എന്നാൽ രാജ്യാന്തര വില നേരിയ തോതിൽ താഴ്ന്നതോടെ ഉച്ചയ്ക്ക് ശേഷം പവന് 320 രൂപ കുറഞ്ഞ് 92,280 രൂപയിലെത്തി.
വിലക്കുതിപ്പ് തുടർന്നേക്കും
സ്വർണ വിലയിൽ മുന്നേറ്റം തുടരുമെന്നാണ് രാജ്യാന്തര വിപണിയിൽ ചലനങ്ങൾ സൂചിപ്പിക്കുന്നത്. ഇപ്പോഴത്തെ ട്രെൻഡ് നിലനിന്നാൽ രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 4,500 ഡോളർ വരെ ഉയരാനിടയുണ്ടെന്ന് അനലിസ്‌റ്റുകൾ പറയുന്നു. ഇതോടെ കേരളത്തിൽ പവൻ വില ഒരു ലക്ഷം രൂപ കവിഞ്ഞേക്കും.
ആഭരണ വിപണിക്ക് തിരിച്ചടി
വിലയിലെ ചാഞ്ചാട്ടം രൂക്ഷമായതോടെ സംസ്ഥാനത്തെ ജുവലറികളിൽ വിൽപ്പന മാന്ദ്യം ശക്തമാണ്. വില ഇനിയും കുറയുമെന്ന പ്രതീക്ഷയിൽ വാങ്ങൽ തീരുമാനം നീട്ടിവെച്ച ഉപഭോക്താക്കൾ വെട്ടിലായി. നവംബർ അഞ്ചിന് 89,080 രൂപ വരെ കുറഞ്ഞതിന് ശേഷമാണ് പവൻ വില തിരിച്ചുകയറിയത്.
ഏഴ് ദിവസത്തിൽ പവൻ വിലയിലെ വർദ്ധന
3,200 രൂപ